ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. വൃക്കകളുടെ പ്രവർത്തനവും രക്തസമ്മർദവും സാധാരണ നിലയിലായില്ല.
വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ വിഎസിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന അദ്ദേഹത്തിന് ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ തുടരുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ് കഴിയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവരും ആശുപത്രിയിലെത്തി വി.എസിനെ സന്ദർശിച്ചിരുന്നു.