ട്രംപ് നടപ്പിലാക്കുന്ന തീരുവകളുടെ നിയമസാധുതയെക്കുറിച്ചുള്ള വാദങ്ങൾ നവംബറിൽ കേൾക്കുമെന്ന് യുഎസ് സുപ്രീം കോടതി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ വൻ തീരുവ ചുമത്തിയ നീക്കങ്ങള്‍ക്ക് കീഴ്ക്കോടതിയിൽ നിന്ന് വലിയ തിരിച്ചടി നേരിട്ടിരുന്നു.
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പിലാക്കുന്ന തീരുവകളുടെ നിയമസാധുതയെക്കുറിച്ചുള്ള വാദങ്ങൾ നവംബറിൽ കേൾക്കുമെന്ന് യുഎസ് സുപ്രീം കോടതി. വിഷയത്തിൽ പെട്ടെന്ന് വിധി വേണമെന്ന് ട്രംപ് ഭരണകൂടം കോടതിയോട് നേരത്തെ ആരാഞ്ഞിരുന്നു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ പിഴച്ചുങ്കമടക്കം വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് കീഴ്ക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി നേരത്തെ വിധിച്ചതിനെത്തുടന്നാണ് ട്രംപ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തിര സാമ്പത്തിക നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡന്റ് അധികാര ദുർവിനിയോഗം നടത്തിയെന്നാണ് യു എസ് ഫെഡറൽ കോടതി ചൂണ്ടിക്കാട്ടിയത്.
തീരുവകൾ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിർമാണ സഭക്ക് മാത്രമാണ്. കേസുകൾ തീരുന്നത് വരെ നിലവിലെ തീരുവകൾ തുടരാമെന്നാണ് നേരത്ത കീഴ്ക്കോടതി വ്യക്തമാക്കിയത്. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകള്‍ നടപ്പാക്കുമെന്ന ട്രംപിന്റെ തീരുമാനം യുഎസ് ഫെഡറല്‍ അപ്പീൽ കോടതി 7 -4 ഭൂരിപക്ഷ വിധിയിലൂടെയാണ് തള്ളിയത്. നികുതി താരിഫ് സംബന്ധിച്ച തീരുമാനം പ്രസിഡന്റിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ലെവികള്‍ നിശ്ചയിക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിനാണ് അധികാരമെന്നും ഫെഡറൽ കോടതി പറഞ്ഞു.
ഇതിന് പിന്നാലെ, കോടതി വിധിയെ വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. വിധി രാജ്യത്തിന് ഒരു ‘മൊത്തം ദുരന്തം’ ആണെന്ന് ട്രംപ് വിമർശിച്ചിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.വരാനിരിക്കുന്ന സുപ്രീം കോടതി വിധിയെ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.