ഓൺലൈനിൽ കുട്ടികൾ എന്ത് ചെയ്യുന്നുവെന്ന് മനസിലാക്കൂ- Roblox-ന് എതിരെ മുന്നറിയിപ്പുമായി സുപ്രിയ മേനോൻ

aussimalayali
3 Min Read

കുട്ടികൾ ഓൺലൈനിൽ എന്താണ് ചെയ്യുന്നതെന്ന് രക്ഷിതാക്കൾ അറിഞ്ഞിരിക്കണമെന്ന് സുപ്രിയ മേനോൻ. തന്റെ ഇൻസ്റ്റഗ്രാമിലാണ് സുപ്രിയ ഈ മുന്നറിയിപ്പ് പങ്കുവെച്ചത്. കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോ സ്വദേശിയായ 15 വയസുകാരന്‍ എഥന്‍ ഡല്ലാസിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസില്‍ പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ മേനോന്‍ രക്ഷിതാക്കള്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കുന്നത്. നിങ്ങളില്‍ എത്രപേരുടെ കുട്ടികള്‍ റോബ്ലോക്‌സ് കളിക്കുന്നുണ്ട് ? നിങ്ങളുടെ കുട്ടി ഓണ്‍ലൈനില്‍ എന്താണ് ചെയ്യുന്നതെന്ന് ദയവ് ചെയ്ത് അറിഞ്ഞിരിക്കുക ! സുപ്രിയ തന്റെ പോസ്റ്റില്‍ പറയുന്നു.

ആരാണ് സുപ്രിയ പങ്കുവെച്ച ചിത്രത്തിലെ ഏഥന്‍ ഡല്ലാസ്, റോബ്ലോക്‌സിനെതിരെ എന്തിനാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ?

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം എത്രത്തോളം അപകടം നിറഞ്ഞതാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളിലൊന്നാണ് ഏഥന്‍. ആ 15 വയസുകാരന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ഓട്ടിസമുള്ള 15 -കാരന്‍ സ്വയം ജീവനെടുക്കുകയായിരുന്നു. ആ സാഹചര്യത്തിലേക്ക് ഏഥനെ നയിച്ചതാകട്ടെ കുട്ടികള്‍ക്കിടയില്‍ ജനപ്രീതിയേറെയുള്ള റോബ്ലോക്‌സ് എന്ന ഗെയിമും.

ഏഴ് വയസ് തൊട്ട് റോബ്ലോക്‌സ് ഗെയിം കളിക്കുന്നുണ്ട് ഏഥന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ നേറ്റ് എന്ന് പേരുള്ളൊരു കുട്ടിയെ റോബ്ലോക്‌സില്‍ പരിയചപ്പെട്ടു. റോബ്ലോക്‌സ് പ്ലെയറായ നേറ്റുമായി ഏഥന്‍ പതിയെ അടുത്തു. സ്‌കൂള്‍ വിട്ടുവന്നാല്‍ ഓണ്‍ലൈന്‍ ഗെയിം ഒന്നിച്ച് കളിക്കാന്‍ തുടങ്ങി. രാത്രി വൈകിയും ചാറ്റ് ചെയ്യാന്‍ തുടങ്ങി. റോബ്ലോക്‌സിലെ പാരന്റല്‍ കണ്‍ട്രോള്‍ എങ്ങനെ ഡിസേബിള്‍ ചെയ്യണമെന്ന് നേറ്റ് ഏഥനെ പഠിപ്പിച്ചുകൊടുത്തു. അവരുടെ ചാറ്റുകളില്‍ പതിയെ ലൈംഗികത കടന്നുവരാന്‍ തുടങ്ങി. ഇരുവരുടേയും ചാറ്റിങ് പതിയെ മറ്റൊരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഡിസ്‌കോര്‍ഡിലേക്ക് മാറി. അവിടെ വെച്ച് നേറ്റ് ഏഥനോട് അവന്റെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ചാറ്റുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അതിന് വഴങ്ങി ഏഥന്‍ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.

ഏഥന്റെ പെരുമാറ്റത്തില്‍ പതിയെ മാറ്റങ്ങളുണ്ടായി, ദേഷ്യം പ്രകടിപ്പിക്കുന്നതും ഒച്ചയിടുന്നതും അക്രമാസക്തനാവുകയും ചെയ്യുന്ന പോലുള്ള പ്രശ്‌നങ്ങള്‍ വന്നു.2022 ല്‍ അവസ്ഥയാകെ മോശമായി. മാതാപിതാക്കള്‍ ഏഥന് ഒരു വര്‍ഷത്തോളം ചികിത്സാകേന്ദ്രത്തില്‍ പാര്‍പിച്ച് ചികിത്സ കൊടുക്കേണ്ട സ്ഥിതി വന്നു.

JUST IN

അങ്ങനെയിരിക്കെയാണ് തന്റെ മനസിനെ പിടിച്ചുലച്ച ഭാരം ഇറക്കിവെച്ച് ഏഥന്‍ നേറ്റിനെ കുറിച്ച് അമ്മ ബെക്ക ഡല്ലാസിനോട് വെളിപ്പെടുത്തുന്നത്. അത് കഴിഞ്ഞ് നാല് മാസങ്ങള്‍ക്ക് ശേഷം 2024 ഏപ്രിലില്‍ ഏഥന്‍ സ്വയം ജീവനൊടുക്കി.

ഈ വര്‍ഷം ഏപ്രിലിലാണ് ഏഥനെ മരണത്തിലേക്ക് തള്ളിവിട്ട നേറ്റ് എന്ന കുട്ടി യഥാര്‍ത്ഥത്തില്‍ 37 വയസ് പ്രായമുള്ള തിമോത്തി ഒ കോണര്‍ എന്നയാള്‍ ആയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് മാതാവ് തിരിച്ചറിഞ്ഞത്. ചൈല്‍ഡ് പോണോഗ്രഫി ഉള്ളടക്കങ്ങള്‍ കൈവശം വെച്ചതിനും ദോഷകരമായ ഉള്ളടക്കങ്ങള്‍ കുട്ടികള്‍ക്ക് അയച്ചുകൊടുത്തതിനുമെല്ലാമുള്ള മറ്റൊരു കേസില്‍ പിടിക്കപ്പെട്ടതായിരുന്നു അയാള്‍.

മാനസികാസ്വാസ്ഥം നേരിട്ട ഏഥന്റെ പ്രശ്‌നം മാതാവ് നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ് ആന്റ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ എന്ന സ്ഥാപനത്തെ അറിയിച്ചിരുന്നു. ഈ സ്ഥാപനവും പോലീസും സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെയാണ് തിമോത്തി ഓ കോണറെ കുറിച്ച് ബെക്ക ഡല്ലാസ് അറിഞ്ഞത്.

എനിക്കിത് വിശ്വസിക്കാനായില്ല, റോബ്ലോക്‌സ് കുട്ടികളുടെ ഗെയിം ആണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ബെക്ക ഡല്ലാസ് പറയുന്നു.വെള്ളിയാഴ്ചയാണ് അവര്‍ തന്റെ മകന്റെ മരണത്തില്‍ ഉത്തരവാദിത്തമാരോപിച്ച് റോബ്ലോക്‌സിനും ഡിസ്‌കോര്‍ഡിനുമെതിരെ പരാതി നല്‍കിയത്. 13 വയസും അതില്‍ താഴെയുള്ളവരുമായ കുട്ടികളെ ലക്ഷ്യമിട്ടുള്ള ഗെയിമാണിതെന്നതാണ് ശ്രദ്ധേയം. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ ഇതില്‍ വരുന്നുണ്ട്.

ഒരു മെറ്റാവേഴ്‌സ് ഗെയിമാണിത് ഗെയിമര്‍മാര്‍ ഒരു മെറ്റാവേഴ്‌സ് ലോകത്തേക്ക് പ്രവേശിക്കുകയും ഗെയിമിന്റെ ഭാഗമാവുകയും ചെയ്യാം. ഇതിന്റെ 4 കോടി ഉപഭോക്താക്കളില്‍സ മൂന്നില്‍ ഒന്നില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ 13 വയസില്‍ താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ കുട്ടികള്‍ കൂട്ടമായി വന്നുചേരുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് റോബ്ലോക്‌സ്. റോബ്ലോക്സില്‍ ആര്‍ക്കും അക്കൗണ്ടുണ്ടാക്കി സൗജന്യമായി കളിക്കാം. കുട്ടികളുമായി സംസാരിക്കാന്‍ മുതിര്‍ന്നവര്‍ക്ക് സ്വകാര്യ ചാറ്റുകള്‍, വോയ്സ് സംഭാഷണങ്ങള്‍ തുടങ്ങിയ പ്ലാറ്റ്ഫോമിലെ ആശയവിനിമയ ഫീച്ചറുകള്‍ ഉപയോഗിക്കാമെന്ന് സുരക്ഷാ വിദഗ്ധര്‍ പറഞ്ഞു.

ഉപഭോക്താക്കളുടെ പ്രായവും ഐഡന്റിറ്റിയും തിരിച്ചറിയാനുള്ള സംവിധാനവും മറ്റ് സുരക്ഷാ നടപടികളും റോബ്ലോക്‌സും ഡിസ്‌കോര്‍ഡും സ്വീകരിച്ചിരുന്നുവെങ്കില്‍ ഈ കുറ്റവാളിയുമായി ഏഥന്‍ ആശയവിനിമയം നടത്തില്ലായിരുന്നുവെന്നും പ്രയാസമനുഭവിക്കില്ലായിരുന്നുവെന്നും ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്നും ബെക്ക പരാതിയില്‍ പറഞ്ഞു. റോബ്ലോക്‌സിനും ഡിസ്‌കോര്‍ഡിനുമെതിരെ മറ്റ് നിരവധി കേസുകളും നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share This Article
Leave a Comment