ലോക ചാപ്റ്റര്‍ വണ്‍; ചന്ദ്രക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസ വിദഗ്ധനും കേരള യൂണിവേഴ്സിറ്റി മുന്‍ വി.സിയുമായ ബി.ഇക്ബാല്‍. ചിത്രം അസഹ്യമാണെന്നും നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷികഥയാണെന്നും ഇക്ബാല്‍ പറഞ്ഞു. കലാമൂല്യം തരിമ്പ് പോലും ചിത്രത്തിലില്ലെന്നും ദുല്‍ഖര്‍ ഇങ്ങനെയൊരു കൊലച്ചതി ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മലയാള സിനിമയിൽ യക്ഷിബാധ! ഇതു കുറിച്ച നേരത്തെ എഴുതണമെന്ന് കരുതിയിരുന്നു. പക്ഷേ ഇടക്ക് ചെറിയ ആരോഗ്യപ്രശ്‌നം വന്നതിനാൽ നീണ്ടുപോയി. വളരെനാൾ കൂടിയിരുന്നാണ് ഓണക്കാലത്ത് കുടുംബസമേതം തിയേറ്ററിൽ പോയി ഒരു സിനിമ കണ്ടത്. അതെ അതുതന്നെ. എല്ലാവരും കണ്ണടച്ച് പുകഴ്ത്തികൊണ്ടിരിക്കുന്ന ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’.
‘ലോക’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണത്രെ ‘ചന്ദ്ര’, നമ്മുടെ പ്രിയ യുവനടൻ ദുൽഖർ സൽമാൻ—അതും പ്രിയങ്കരനായ മമ്മൂട്ടിയുടെ മകൻ നിർമ്മിച്ച ചിത്രമായത് കൊണ്ട് പലരും സത്യം പറയാൻ മടിക്കുമെന്നത് കൊണ്ട് ഞാൻ തന്നെയങ്ങു തുറന്ന് പറഞ്ഞേക്കാം. ഇത് വലിയൊരു കൊലച്ചതിയായി പോയി ദുൽഖർ. ഇപ്പോഴത്തെ മലയാള സിനിമാ സൂപ്പർസ്റ്റാറുകളെ പിടികൂടിയിട്ടുള്ള മെഗാബജറ്റ് മാനിയ ദുൽഖറിനെയും ബാധിച്ചിരിക്കുന്നു. ഫലം: മിതമായ ഭാഷയിൽ പറഞ്ഞാൽ, “ഭീഭത്സം”, “അരോചകം” ‘അസഹ്യം” എന്നൊക്കെ മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷികഥ.
കടമറ്റത്ത് കത്തനാർ മുതൽ ഡ്രാക്കൂള വരെ—എത്രയോ യക്ഷിസിനിമകൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് മേൽ ഇങ്ങനെയൊരു അന്ധവിശ്വാസ ജടിലമായ സിനിമ ദുൽഖറിനെ പോലൊരു യുവ പ്രതിഭയിൽ നിന്ന് തീരെ പ്രതീക്ഷിച്ചില്ല. സർറീയൽ സിനിമകളൊക്കെയാവാം. അതിൽ തെറ്റില്ല. പഷേ കലാമൂല്യം വേണം. അതിൻ്റെ തരിമ്പ് പോലും ചിത്രത്തിലില്ല.
സിനിമയുടെ അവസാനഭാഗമെത്തി, രക്ഷപ്പെട്ടു എന്ന് കരുതിയ ശ്വാസമെടുത്തപ്പോൾ വരുന്നു കിടിലൻ ട്വിസ്റ്റ്: “ചാത്തൻമാർ ഇനിയും വരും”. അതായത് “ലോക” പീഡന ശൈലിയിൽ തുടർ സിനിമകളും വരുമെന്ന ഭീഷണി തന്നെ!
സിനിക്കായി സൃഷ്ടിക്കപ്പെടുന്ന കൃത്രിമ ഹൈപ്പ് കാണുമ്പോൾ നീലി യക്ഷിക്കായി O Negative രക്തം ദാനം ചെയ്യാൻ തിയേറ്ററുകൾക്ക് മുൻപിൽ ജെൻസി ക്യൂനിന്ന് തുടങ്ങുമോ എന്നാണെൻ്റെ ഭയം. ഇപ്പോഴിതാ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന യക്ഷികഥയാവാൻ സാധ്യതയുള്ള ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുന്നു. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ഈ ചിത്രം മാറുമെന്നാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. സിനിമ പ്രേമികളെ പുതിയ തലത്തിലുള്ള യക്ഷിപീഡനം കാത്തിരിക്കുന്നുവെന്ന് ഊഹിക്കാം. ഇത്തരം സിനിമകളെ നേരിടാനുള്ള ചികിത്സാ മാർഗം ഒന്നേയുള്ളൂ—ഗാന്ധീയൻ സമരരീതി: ബഹിഷ്കരണം.