സ്ഫോടനം നടന്നത് പാർപ്പിട സമുച്ചയത്തിന് സമീപം; ലക്ഷ്യമിട്ടത് ചർച്ചയ്ക്ക് എത്തിയ ഹമാസ് നേതാക്കളെ

aussimalayali
1 Min Read

ഗൾഫ് മേഖലയെ ഞെട്ടിച്ച് ദോഹയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ലക്ഷ്യമിട്ടത് വെടിനിർത്തൽ ചർച്ചയ്ക്കെത്തിയ ഹമാസ് നേതാക്കളെ. യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്‍റെ പുതിയ വെടിനിർത്തൽ നിർദ്ദേശം ചർച്ച ചെയ്യാൻ ദോഹയിൽ യോഗം ചേർന്ന സംഘത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണമെന്ന് ഹമാസിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഹമാസ് നേതാക്കള്‍ ദോഹയിലാണ് തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നതെന്നും അവരെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷനെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. ഹമാസിന്‍റെ ഗസ മേധാവിയായിരുന്ന ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള ഉന്നത ഹമാസ് നേതാക്കളെയാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം.

അപകടത്തിൽ മരണമോ നാശനഷ്ടങ്ങളോ ഉണ്ടായതായുള്ള വിവരങ്ങൾ ലഭ്യമല്ല. ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. നഗരത്തിലെ ലെഗ്റ്റിഫിയ പെട്രോൾ സ്റ്റേഷനിൽ നിന്നും പുക ഉയരുന്നതായി ദൃക്സാക്ഷികൾ റോയിട്ടേഴ്സിനോട് പറഞ്ഞു. പെട്രോൾ സ്റ്റേഷന്‍റെ തൊട്ടടുത്ത് ചെറിയ പാർപ്പിട സമുച്ചയമുണ്ട്. ഗാസ സംഘർഷത്തിൻ്റെ തുടക്കം മുതൽ ഇവിടെ 24 മണിക്കൂറും ഖത്തറിന്‍റെ എമിരി ഗാർഡ് സുരക്ഷ ഒരുക്കുന്നുണ്ട്.

ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം “ശരിയായ തീരുമാനം” എന്നാണ് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് എക്സിൽ കുറിച്ചത്. ഭീകരർ ലോകത്തെവിടെയായാലും ഇസ്രായേലിന്‍റെ കൈയ്യിൽ നിന്ന് പ്രതിരോധിക്കാനാകില്ലെന്നാണ് ബെസലേൽ സ്മോട്രിച്ച് പറഞ്ഞത്.

ഇസ്രയേലിന്‍റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് ഖത്തർ പ്രതികരിച്ചു. ആക്രമണം ഖത്തറികളുടെയും ഖത്തറിലെ താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇസ്രയേൽ– ഹമാസ് യുദ്ധത്തിൽ വെടിനിർത്തലിലടക്കം ചർച്ചകൾക്ക് വേദിയായ ഇടമാണ് ദോഹ.

Share This Article
Leave a Comment