ചെറിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ സജീവമാവുകയാണ് പ്രിയദര്ശന്. അക്ഷയ് കുമാര്‍ നായകനാവുന്ന ഹൊറര്‍ കോമഡി ചിത്രം ഭൂത് ബംഗ്ലയുടെ ചിത്രീകരണം അദ്ദേഹം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. ബോളിവുഡിലെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലുമാണ് അദ്ദേഹം. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറുമാണ് ആ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ താരങ്ങള്‍ ഒരു സിനിമയില്‍ ഒരുമിച്ച് എത്തുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് തന്നെ സംവിധാനം ചെയ്ത 2016 ചിത്രം ഒപ്പത്തിന്റെ റീമേക്ക് ആയിരിക്കും ഈ ചിത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറിനും ഒരേപോലെ പ്രാധാന്യവും സ്ക്രീന്‍ സ്പേസും ലഭിക്കുന്ന രീതിയില്‍ ആയിരിക്കും പ്രിയദര്ശന് ചിത്രം ഒരുക്കുകയെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. 2008 ല്‍ പുറത്തിറങ്ങിയ തഷാന്‍ എന്ന ചിത്രത്തിലാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും അവസാനമായി ഒന്നിച്ചത്. ബോക്സ് ഓഫീസില്‍ വലിയ പ്രതികരണം നേടിയില്ലെങ്കിലും പില്ക്കാലത്ത് സിനിമാപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് പദവി നേടിയ ചിത്രമാണ് ഇത്.
തൊണ്ണൂറുകളില്‍ പ്രേക്ഷകരെ ഏറെ രസിപ്പിച്ച കൂട്ടുകെട്ടാണ് അക്ഷയ് കുമാര്‍- സെയ്ഫ് അലി ഖാന്. മേം ഖിലാഡി തൂ അനാരി, യേ ദില്ലഗി, തൂ ഛോര്‍ മേം സിപായി, കീമത് തുടങ്ങിയ ചിത്രങ്ങളൊക്കെ ഈ കൂട്ടുകെട്ടില്‍ വന്നതാണ്. ആക്ഷന്‍ ഡ്രാമകളും കോമഡിക്ക് പ്രാധാന്യമുള്ള ചിത്രങ്ങളുമൊക്കെ ഈ കോമ്പോയില്‍ വന്നിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് സ്ക്രീനില്‍ എത്തുമ്പോള്‍ അതൊരു ത്രില്ലര്‍ ആണ് എന്നത് ആരാധകരെ ആവേശഭരിതരാക്കുന്നുണ്ട്.
അതേസമയം തനിക്ക് ഏറെ ഹിറ്റുകള്‍ നല്‍കിയിട്ടുള്ള പ്രിയദര്‍ശനുമായി 14 വര്‍ഷത്തിന് ശേഷമാണ് അക്ഷയ് കുമാര്‍ ഒന്നിക്കുന്ന ചിത്രമാണ് ഭൂത് ബംഗ്ല. ഹേര ഫേരി, ഭൂല്‍ ഭുലയ്യ, ഗരം മസാല തുടങ്ങിയ ഹിറ്റുകളൊക്കെ ഈ കൂട്ടുകെട്ടില്‍ എത്തിയതാണ്. ഇടവേളയ്ക്ക് ശേഷം ഒരുമിച്ചപ്പോള്‍ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളാണ് പ്രിയദര്ശന്- അക്ഷയ് കുമാര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത്. ഭൂത് ബംഗ്ല, സെയ്ഫ് അലി ഖാനൊപ്പം എത്തുന്ന ചിത്രം എന്നിവ കൂടാതെ ഹേര ഫേരി 3 ഉും പ്രിയദര്ശന്- അക്ഷയ് കുമാര്‍ ടീമിന്റേതായി എത്താനുണ്ട്. അടുത്ത വര്‍ഷമാവും ഈ ചിത്രം സംഭവിക്കുക.