കുറ്റിപ്പുറത്ത് നഴ്‌സിങ് അസിസ്റ്റന്‍റ് ജീവനൊടുക്കിയ സംഭവം: ജനറല്‍ മാനേജറുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം

aussimalayali
1 Min Read

മലപ്പുറം: കഴിഞ്ഞ ദിവസം സ്വകാര്യാശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്‍റ് ആത്മഹത്യ ചെയ്തത സംഭവത്തില്‍ ആശുപത്രിയിലെ ജനറല്‍ മാനേജറുടെ മാനസിക പീഡനം മൂലമാണെന്ന് ആരോപണം. കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇയാളെ മാനേജ്‌മെന്‍റ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കുറ്റിപ്പുറത്തെ സ്വകാര്യാശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്‍റായി ജോലി ചെയ്തിരുന്ന എറണാകുളം കോതമംഗലം അടിവാട് സ്വദേശിനി അമീനയാണ് (20) കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.
രണ്ടര വര്‍ഷമായി കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമീന അമിതമായി ഗുളിക കഴിച്ചാണ് ജീവനൊടുക്കിയത്. ശനിയാഴ്ച വൈകീട്ട് മൂന്നായിട്ടും ജോലിക്ക് വരാതെയിരുന്ന അമീനയെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് പോയപ്പോഴാണ് ആശുപത്രിക്ക് മുകളില്‍ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിലും, കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അമീനയുടെ മരണം സംഭവിക്കുന്നത്. ഈ മാസം 15ന് ആശുപത്രിയിൽ നിന്ന് പോകാനൊരുങ്ങിയ അമീനക്ക് പരിചയ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന ജനറൽ മാനേജർ പറഞ്ഞതായി സഹപ്രവർത്തകർ പറഞ്ഞു. ആശുപത്രിയിലെ ജീവനക്കാരെ മാനേജർ മാനസികമായി പീഡിപ്പിക്കുന്നതായി ചില ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം അമീനയുടെ മൃതദേഹം സ്വദേശത്ത് കൊണ്ടുപോയി ഖബറടക്കി.

Share This Article
Leave a Comment