മഹാ ദുരന്തം സംഭവിക്കും എന്ന റിയോ തത്സുകിയുടെ പ്രവചനം ചർച്ചയാകുന്നതിനിടെ ജപ്പാനിൽ 470ലധികം ഭൂകമ്പങ്ങള്‍
ജൂലൈ അഞ്ചിന് മഹാ ദുരന്തം സംഭവിക്കും എന്ന റിയോ തത്സുകിയുടെ പ്രവചനം ചർച്ചയാകുന്നതിനിടെ ജപ്പാനിൽ 470ലധികം ഭൂകമ്പങ്ങള്‍
ജപ്പാനിൽ ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18ന് ഒരു മഹാദുരന്തം സംഭവിക്കുമെന്നും മഹാനഗരങ്ങള്‍ കടലില്‍ വീഴുമെന്നുമുള്ള, ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനം ചർച്ചയാകുന്നതിനിടെ തെക്കന്‍ ജപ്പാനിലെ തോക്കാര ദ്വീപിലെ ദ്വീപു സമൂഹമായ കഗോഷിമയില്‍ ശനിയാഴ്ച മുതല്‍ 470ലധികം ഭൂകമ്പങ്ങള്‍ ഉണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി.
ജൂലൈ അഞ്ചിന് ജപ്പാനില്‍ വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്ന തത്സുകിയുടെ പ്രവചനക്കുരുക്കില്‍ പെട്ട് ആളുകള്‍ ജപ്പാനിലേക്കുള്ള യാത്ര വരെ കൂട്ടത്തോടെ റദ്ദാക്കുന്ന സാഹചര്യം ഉള്ളപ്പോഴാണ് ഇത്രയധികം ഭൂചലനങ്ങൾ ഉണ്ടായതായി ജപ്പാൻ കാലാവസ്ഥ ഏജൻസി സ്ഥിരീകരിക്കുന്നത്. ഇത് ജനങ്ങളിൽ ആശങ്കയ്ക്കിടയാക്കുന്നുണ്ട്.ബാബാ വാംഗയുടെ പ്രവചനങ്ങള്‍ സത്യമാവുകയാണോ?
അങ്ങനെയെങ്കില്‍ ദുരന്തത്തിന് ഇനി മൂന്ന് നാളുകൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്. തന്റെ സ്വപ്‌നത്തില്‍ കാണുന്ന കാര്യങ്ങള്‍ എഴുത്തിലൂടെ ലോകത്തോട് വിളിച്ച് പറയുകയാണ് ബാബ വാംഗ. കോവിഡ് വ്യാപനവും 2011ലെ സുനാമിയുമൊക്കെ നേരത്തെ തത്സുകി പ്രവചിച്ചിട്ടുണ്ട് എന്നാണ് അവകാശപ്പെടുന്നത്.
ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യങ്ങള്‍ പ്രവചിച്ചയാളാണ് ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗ എന്നതും ശ്രദ്ധേയമാണ്. രണ്ടാം ലോകമഹായുദ്ധം, ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെയും സാര്‍ ബോറിസ് മൂന്നാമന്റെയും മരണ തീയതി തുടങ്ങിയവയെല്ലാം ബാബ വാംഗ പ്രവചിച്ചതായി പറയുന്നു. എല്ലാ വര്‍ഷാവസാനവും പ്രവചനങ്ങളുമായി എത്താറുള്ള ഈ ബാബ വാംഗയുമായി പരക്കെ താരതമ്യം ചെയ്യപ്പെടുന്ന ജാപ്പനീസ് മാംഗ കലാകാരിയാണ് റിയോ തത്സുകി. ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് റിയോ തത്സുകി ഇത്തരം പ്രവചനങ്ങള്‍ നടത്തുന്നത്.
1999ല്‍ പ്രസിദ്ധീകരിച്ച ഫ്യൂച്ചര്‍ ഐ സോയുടെ കവര്‍ പേജില്‍ തന്നെ 2011 മാര്‍ച്ചിലെ ഭൂകമ്പവും തുടര്‍ന്നുള്ള സുനാമിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ദുരന്തത്തില്‍ ഏകദേശം 16,000 പേര്‍ മരിക്കുകയും ഫുകുഷിമ ഡൈചി ആണവ ദുരന്തത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ടായിരുന്നു. താന്‍ പ്രവചിച്ച അതേ വര്‍ഷം അതേ സമയത്താണ് ഈ ദുരന്തങ്ങള്‍ ഉണ്ടായതെന്നാണ് തത്സുകി ഉന്നയിക്കുന്ന അവകാശവാദം. 2011ലെ ദുരന്തത്തിന് പിന്നാലെ 1999ല്‍ അച്ചടിച്ച ഈ കൃതി ജപ്പാനില്‍ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്തിരുന്നു. 1995ലെ കോബെ ഭൂകമ്പവും ഇതിഹാസ സംഗീതജ്ഞന്‍ മെര്‍ക്കുറിയുടെ മരണവും വരെ തത്സുകിയുടെ പുസ്തകത്തിലുണ്ട് .
അവര്‍ പലപ്പോഴായി കണ്ട സ്വപ്‌നങ്ങളാണ് ഫ്യൂച്ചര്‍ ഐ സോയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആകെ 15 സ്വപ്‌നങ്ങളെ പറ്റി ഈ പുസ്തകത്തില്‍ പറയുന്നു. ഇതില്‍ 13 എണ്ണവും യാഥാര്‍ഥ്യമായെന്ന് തത്സുകിയുടെ ആരാധകര്‍ പറയുന്നത്. 2011 വരെ തത്സുകിയുടെ പ്രവചനത്തിന് കാര്യമായ ശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാല്‍ 2011 ലെ ഭൂചലനവും സുനാമിയും നേരത്തെ തന്നെ വരച്ച് പുറത്തിറക്കിയത് കണ്ടതോടെ ആളുകള്‍ ഞെട്ടിയിരിക്കുകയാണ്. ഈ പ്രവചനവും സത്യമാകുമോ എന്ന ആശങ്ക ആളുകളിൽ ഉണ്ട്. പ്രവചനങ്ങള്‍ സത്യമാണെന്ന പ്രചാരണത്തിന് പിന്നാലെ ജപ്പാന്‍, ചൈന, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ 9 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞിട്ടുള്ളത്.
2021ല്‍ ഫ്യൂച്ചര്‍ ഐ സോയുടെ ഒരു കംപ്ലീറ്റ് വേര്‍ഷന്‍ പുറത്തിറക്കിയിരുന്നു. ഇതിലാണ് 2025 ജൂലൈയില്‍ ജപ്പാനില്‍ മഹാദുരന്തം സംഭവിക്കുമെന്ന മുന്നറിയിപ്പ് നൽകുന്നത്. ജൂലൈ അഞ്ച് പുലര്‍ച്ചെ 4.18ന് ജപ്പാനും ഫിലിപ്പീന്‍സിനുമിടയില്‍ കടലിനടിയില്‍ വലിയ വിള്ളലുണ്ടാകുമെന്നും 2011ലെ തോഹോകു ദുരന്തത്തില്‍ കണ്ടതിനേക്കാള്‍ മൂന്നിരട്ടി ഉയരമുള്ള സുനാമികള്‍ ഉണ്ടാകുമെന്നുമാണ് ഇവരുടെ ഏറ്റവും പുതിയ പ്രവചനം. നഗരങ്ങള്‍ കടലില്‍ വീഴും, വെള്ളം തിളച്ച് മറിയും, വലിയ തിരമാലകള്‍ ഉണ്ടാകുമെന്നും ഫ്യൂച്ചര്‍ ഐ സോയില്‍ തത്സുകി പറയുന്നു.
ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെങ്കിലും ജൂലൈ അഞ്ചിന് നടക്കാന്‍ പോകുന്ന ദുരന്തത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. തത്സുകിയുടെ പ്രവചനം ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. ഈ ഭീതി ഇരട്ടിപ്പിക്കാൻ കാരണമായത് ടോക്കര ദ്വീപുകളിലുണ്ടായ ഭൂചലനങ്ങള്‍ ആണ്. ടോക്കരയില്‍ ആകെയുള്ള 12 ദ്വീപുകളില്‍ ഏഴെണ്ണത്തില്‍ മാത്രമാണ് ജനവാസം. 700ഓളം ആളുകള്‍ ആണ് ഇവിടെ താമസിക്കുന്നത്. സജീവ അഗ്‌നിപര്‍വതങ്ങളുള്ള ടോക്കര ദ്വീപുകളില്‍ തുടര്‍ച്ചയായി ഭൂചലനമുണ്ടാകുന്നത് ആദ്യം അല്ലെങ്കിലും ഈ പ്രവചനമാണ് ജനങ്ങളിൽ ഭയം വർദ്ധിപ്പിക്കുന്നത്. 2023 സെപ്റ്റംബറില്‍ 15 ദിവസത്തിനുള്ളില്‍ 346 ഭൂചലനങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിരുന്നു.
എങ്കിലും, സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങളെ തുടര്‍ന്ന് ജനങ്ങൾ ജപ്പാന്‍, ഹോങ്കോങ്, തായ്‌വാന്‍ തുടങ്ങി ജപ്പാനും ചൈനയ്ക്കുമിടയിലുള്ള യാത്രകള്‍ ഒഴിവാക്കുന്നുണ്ട്.
ജൂലൈ അഞ്ചിന് ബുക്ക് ചെയ്തിരുന്ന പല യാത്രകളും റദ്ദാക്കുകയും ചെയ്തു . ജപ്പാനിലെ മാത്രമല്ല ചൈനയിലെയും ടൂറിസ്റ്റ് മേഖലയെ ഈ പ്രവചനം ബാധിക്കുന്നുണ്ട് . ഇന്റര്‍നെറ്റിലാകെ ജുലൈ5, ഡിസാസ്റ്റര്‍, റിയോ തത്സുകി പ്രവചനം തുടങ്ങിയ ഹാഷ്ടാഗുകള്‍ ഇപ്പോൾ ട്രെന്‍ഡിങ്ങാണ്. ജൂലൈ അഞ്ചിന് ചൈന, ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന വിനോദ സഞ്ചാര യാത്രകള്‍ 80 ശതമാനത്തോളം റദ്ദാക്കിയതായി അധികൃതർ അറിയിക്കുന്നു.
എന്നാല്‍, ശാസ്ത്രീയമായ അടിത്തറ ഇല്ലാത്ത ഇത്തരം പ്രവചനങ്ങളില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ജപ്പാന്‍ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത് . പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഔദ്യോഗിക മുന്നറിയിപ്പുകളെ മാത്രം കണക്കിലെടുക്കുക, കിംവദന്തികള്‍ വിശ്വസിക്കാതിരിക്കുക തുടങ്ങിയ മുന്നറിയിപ്പുകള്‍ അധികൃതര്‍ നല്‍കുന്നുണ്ടെങ്കിലും ആളുകള്‍ ഇതൊന്നും തന്നെ കണക്കിലെടുക്കുന്നില്ല. ജാപ്പനീസ് ജനത വിദേശത്തേക്ക് പലായനം ചെയ്യുന്നില്ല, അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ആളുകള്‍ ഈ കിംവദന്തികള്‍ അവഗണിച്ച് ജപ്പാനിലേക്ക് സന്ദര്‍ശനം നടത്തണമെന്ന് മിയാഗി പ്രവിശ്യയുടെ ഗവര്‍ണര്‍ യോഷിഹിരോ മുരായ് പറഞ്ഞു. ഒന്നും സംഭവിക്കാതെ ജൂലൈ കടന്നുപോകുമെന്ന് തന്നെയാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, 2011 മുന്നില്‍ നില്‍ക്കവേ എങ്ങാനും ഒരു ദുരന്തം ഉണ്ടായാലോ എന്ന ഭീതി ജനങ്ങളിൽ സൃഷ്ടിക്കുന്നുണ്ട്.