കൊട്ടാരക്കരയില്‍ സദാചാര ആക്രമണം നേരിട്ട ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ്. ദമ്പതികളെ അപമാനിച്ച പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി ദേഹാസ്വാസ്ഥ്യം നേരിട്ടതിനെത്തുടര്‍ന്ന് വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ട് വിശ്രമിച്ചവരാണ് അധിക്ഷേപം നേരിട്ടത്. അതിന്‍റെ വിഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിമല്‍ ബാബുവിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും. ഇക്കാര്യത്തില്‍ ബിമല്‍ മനോരമന്യൂസിനോട് സംസാരിച്ചു.
ബിമലിന്‍റെ വാക്കുകള്‍
ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി അസ്വസ്ഥത തോന്നിയപ്പോഴാണ് കാര്‍ വഴിയോരത്ത് പാര്‍ക്ക് ചെയ്ത് അല്‍പനേരം വിശ്രമിച്ചത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു. കാറില്‍ ഇരിക്കുന്ന സമയത്ത് ആ കുട്ടി അതുവഴി പോകുന്നത് ശ്രദ്ധിച്ചിരുന്നു. അല്‍പം കഴിഞ്ഞ് അവര്‍ വീട്ടില്‍ നിന്ന് ഇറങ്ങി വന്ന് കാറിന്‍റെ ഗ്ലാസില്‍ തട്ടി. ഗ്ലാസ് താഴ്ത്തിയപ്പോള്‍ത്തന്നെ അവര്‍ മോശമായി സംസാരിക്കാന്‍ തുടങ്ങി. ‘നിങ്ങള്‍ കാണിക്കുന്നതൊക്കെ ഞാന്‍ ജനലിലൂടെ കണ്ടു. ഈ പരിപാടി ഇവിടെ നടക്കില്ല’ എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. എന്താണ് ഞങ്ങള്‍ ചെയ്തതെന്ന് അവര്‍ പറയുന്നില്ല. പിന്നീട് അവര്‍ വിളിച്ചുവരുത്തിയ ഒരാള്‍ വന്ന് ഞങ്ങളുടെ കാറിന്‍റെ വിഡിയോ എടുത്തു. ഇതിനുശേഷമാണ് ഞാന്‍ എന്‍റെ ഫോണിന്‍റെ ക്യാമറ ഓണ്‍ ചെയ്തത്. ആ ചേട്ടനോട് ഞാന്‍ പറയുകയും ചെയ്തു. ഇത് എന്‍റെ ഭാര്യയാണെന്നും ഞങ്ങള്‍ക്ക് രണ്ട് വയസുള്ള മകനുണ്ടെന്നുമെല്ലാം പറഞ്ഞു. മറ്റെന്തെങ്കിലും ചെയ്യാനാണെങ്കില്‍ ഞങ്ങള്‍ക്ക് വീടില്ലേ, പൊതുസ്ഥലത്ത് അത്തരം വൃത്തികേട് കാണിക്കേണ്ട ആവശ്യമുണ്ടോ?
നാളെ അവര്‍ അവര്‍ക്ക് തോന്നിയതുപോലെ വിഡിയോ പോസ്റ്റ് ചെയ്താല്‍ അത് ഞങ്ങളുടെ കുടുംബത്തെ ബാധിക്കും. സത്യാവസ്ഥ അറിയാതെ പലരും എന്നെയും ഭാര്യയെയും തെറ്റിദ്ധരിക്കും. ഞങ്ങളുടെ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാകും. അതുകൊണ്ടാണ് ഞാന്‍ വിഡിയോ എടുത്തത്. അല്ലാതെ അവരെ ബുദ്ധിമുട്ടിക്കാനോ ഉപദ്രവിക്കാനോ ഒന്നുമല്ല. ആ പെണ്‍കുട്ടി സത്യം അറിഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത് പോസ്റ്റ് ചെയ്യില്ലായിരുന്നു. അവര്‍ അത്രയും വൃത്തികേട് പറഞ്ഞിട്ടും അത് തെറ്റാണെന്ന് മനസിലായിട്ടും ആ പെണ്‍കുട്ടി മാപ്പ് പറയാന്‍ തയാറായില്ല.
സദാചാര ആക്രമണം നടത്തിയ പെണ്‍കുട്ടി തന്നെ എനിക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. അവരെന്നെ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ശേഷം കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. ആ പെണ്‍കുട്ടി പരസ്യമായി മാപ്പു പറയണമെന്നതായിരുന്നു എന്‍റെ ആവശ്യം. എന്നാല്‍ അതിന് ആ കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാകും എന്ന് തോന്നിയതുകൊണ്ട് ഇനി ഈ പ്രശ്നത്തിന്‍റെ പേരില്‍ മറ്റ് പരാതികള്‍ നല്‍കില്ലെന്നും അറിയാതെ ചെയ്തതാണെന്നും എഴുതി തരാന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണെങ്കില്‍ ഞാന്‍ ആ വിഡിയോ ആര്‍ക്കൈവ് ചെയ്യാം എന്നും പറഞ്ഞിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടി അതിനും തയാറല്ല.
എന്നെ അപമാനിച്ച ആ പെണ്‍കുട്ടിയുടെ വിഡിയോ എടുത്തതിന് ഞാന്‍ അവരോട് മാപ്പ് പറയണമെന്നും ഈ വിഡിയോ റീഷെയര്‍ ചെയ്ത എല്ലാവരെയും കൊണ്ട് ഞാന്‍ അത് ഡിലീറ്റ് ചെയ്യിപ്പിക്കണം എന്നുമാണ് അവരുടെ ആവശ്യം. എന്നിട്ട് അവര്‍ സ്റ്റേഷനില്‍ വെച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ആ പെണ്‍കുട്ടി അവിടെ വെച്ച് പറഞ്ഞതിന്‍റെ മുഴുവന്‍ വിഡിയോയും എന്‍റെ കയ്യിലുണ്ട്. അത് നിയമപരമായി മുന്നോട്ട് പോകുമ്പോള്‍ തെളിവായി ഹാജരാക്കും. സദാചാര ആക്രമണത്തിന് ആ പെണ്‍കുട്ടിക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്.
ഞങ്ങള്‍ അവിടെ ലഹരി വില്‍പ്പന നടത്തുകയായിരുന്നു എന്നൊക്കെയാണ് സത്യാവസ്ഥ മനസിലാക്കാത്ത പലരും കമന്‍റ് ചെയ്യുന്നത്. ആ പെണ്‍കുട്ടിയുടെ വിഡിയോ ഇട്ടതിനെതിരെയും ചിലര്‍ സംസാരിക്കുന്നത് കണ്ടു. എന്‍റെ ഭാര്യയുടെ മാനസികാവസ്ഥ പക്ഷേ പലരും ആലോചിക്കുന്നില്ല. അവളും ഒരു സ്ത്രീയാണ്. ഇങ്ങനെയൊരു ആക്രമണം നേരിട്ടതിന്‍റെ മാനസികാഘാതം അവള്‍ക്കുമുണ്ട്. ആ പെണ്‍കുട്ടിയെ ഉപദ്രവിക്കണമെന്ന് ഞങ്ങള്‍ വിചാരിച്ചിട്ടില്ല. അവരാണ് ഒളിഞ്ഞുനോക്കി ഇല്ലാത്തത് പറഞ്ഞ് ഞങ്ങളെ ഉപദ്രവിച്ചത്. – ബിമല്‍ പറഞ്ഞുനിര്‍ത്തി.