ലൈംഗികാതിക്രമത്തിനിടെ ആന്തരികാവയവങ്ങള്‍ തകര്‍ത്തു; 46കാരിയെ കീഴ്പ്പെടുത്തിയത് അതിക്രൂരമായി

aussimalayali
1 Min Read

പാലക്കാട്ട് നഗരമധ്യത്തില്‍ ബുധനാഴ്ച്ച രാത്രി ആക്രി ശേഖരിക്കുന്ന യുവതി കൊലചെയ്യപ്പെട്ടത് അതിക്രൂരമായി. ലൈംഗികാതിക്രമത്തിനു ശ്രമിച്ചപ്പോള്‍ യുവതി വലിയ തോതില്‍ പ്രതിരോധിച്ചു. കീഴ്പ്പെടുത്താനായി യുവതിയെ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചു, ഇതിനിടെ ആന്തരികാവയവങ്ങളെല്ലാം തകരുന്ന രീതിയില്‍ പ്രതി യുവതിയെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. മരണകാരണം ആന്തരികാവയവങ്ങള്‍ക്ക് സംഭവിച്ച ക്ഷതമെന്ന് ഇന്നലെവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആക്രി ശേഖരിക്കുന്ന യുവതിയെ ബുധനാഴ്ച്ച രാത്രിയാണ് സുബയ്യന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. തന്റെ ഭാര്യയാണെന്നും അവശനിലയില്‍ കണ്ടതോടെയാണ് ആശുപത്രിയിലെത്തിച്ചതെന്നും സുബയ്യന്‍ അധികൃതരോട് പറഞ്ഞു. കൈകാലുകളിലെല്ലാം പരുക്കേറ്റിരുന്നു. വസ്ത്രം കീറിപ്പറിഞ്ഞ നിലയിലായിരുന്നു. ആദ്യനോട്ടത്തില്‍ തന്നെ സംശയം തോന്നിയതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ ടൗൺ സൗത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

ലൈംഗികാതിക്രമത്തിനു ശ്രമിച്ചെന്നും പ്രതിരോധിച്ചപ്പോള്‍ ആക്രമിച്ചെന്നും ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. കൈകളും കാലുകളും ഉള്‍പ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്. പീഡിപ്പിക്കുന്നതിനിടെ ബോധരഹിതയായതോടെയാണ് ഇയാള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചത്. പ്രതി സുബയ്യന്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ചശേഷമാണെന്ന് പൊലീസ് കണ്ടെത്തി. പ്രതി ഇതിനുമുന്‍പും ഇത്തരം കേസുകളില്‍ പ്രതിയായിട്ടുണ്ടോ എന്നന്വേഷിക്കുകയാണ് പൊലീസ്. ഭാര്യയെ ക്രൂരമായി മര്‍ദിച്ചതിനുള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

Share This Article
Leave a Comment