ഇനി മേലാൽ തിയേറ്ററിൽ കയറില്ല’; എഴുതിവാങ്ങി പോലീസ്, നടപടി തിയേറ്ററിനെതിരേ പരാതിപ്പെട്ടതിന്‌

aussimalayali
1 Min Read

കോട്ടയം : തിയേറ്ററിനെതിരേ പരാതിപ്പെട്ട യുവാവിനെക്കൊണ്ട് ‘ഇനി മേലാൽ തിയേറ്ററിൽ കയറില്ലെ’ന്ന് എഴുതിവാങ്ങിച്ച് ഏറ്റുമാനൂർ പോലീസ് ഇൻസ്പെക്ടറുടെ വിചിത്ര നടപടി. ഏറ്റുമാനൂർ ശിവമന്ദിരത്തിൽ കെ.എൻ അജേഷിനാണ് ഏറ്റുമാനൂർ പോലീസിൽനിന്ന് ദുരനുഭവമുണ്ടായത്.
എട്ട് മാസംമുമ്പ് നടന്ന സംഭവത്തിൽ നടപടിയാകാത്തതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ് യുവാവ്. ഏറ്റുമാനൂരിലെ തിയേറ്ററിൽ ത്രീ ഡി സിനിമ കാണാൻ ഭിന്നശേഷിയുള്ള കുട്ടിയുമായെത്തിയതായിരുന്നു യുവാവ്. ത്രീ ഡി ഗ്ലാസ് ഉപയോഗിച്ച് സിനിമ കാണുന്നതിനിടെ കുട്ടിയുടെ കണ്ണിന് ചൊറിച്ചിലുണ്ടായി. ഇത് തിയേറ്റർ ജീവനക്കാരെ അറിയിക്കുകയും കണ്ണാടി സ്റ്റെറിലൈസ് ചെയ്തതാണൊയെന്ന് ചോദിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് പരാതിക്കാരൻ പറയുന്നു.

തർക്കത്തെ തുടർന്ന് മാനേജർ മറ്റ് ജീവനക്കാരെ വിളിച്ചുകൂട്ടി യുവാവിനെ മർദിക്കുകയായിരുന്നു. രക്ഷതേടി ഏറ്റുമാനൂർ പോലീസിനെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ പോലീസ് താൻ അക്രമം നടത്തിയെന്ന നിലപാടാണ് സ്വീകരിച്ചത്. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഏറ്റുമാനൂർ സ്റ്റേഷനിലെത്തിയപ്പോൾ സംഭവം ഒത്തുതീർക്കാൻ പോലീസ് ആവശ്യപ്പെട്ടു. തുടർന്ന് തിയേറ്ററിൽ കയറരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. അങ്ങനെ എഴുതിക്കൊടുത്തില്ലെങ്കിൽ തിയേറ്ററിൽ അക്രമം നടത്തിയെന്ന്കാട്ടി കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി.

പോലീസിന്റെ നിർബന്ധപ്രകാരം ഇനി താൻ തിയേറ്ററിൽ കയറില്ലന്ന് എഴുതി ഒപ്പിട്ടുനൽകുകയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവത്തിൽ എട്ട് മാസംകഴിഞ്ഞും ഏറ്റുമാനൂർ പോലീസ് നടപടിയെടുത്തില്ലെ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.

Share This Article
Leave a Comment