മുഖത്തടിച്ചു, കെെവിരലുകൾ പിടിച്ചുതിരിച്ചു’; തീവണ്ടിയിൽ അധ്യാപകനെ മർദിച്ച രണ്ടുപേർ അറസ്റ്റിൽ

aussimalayali
1 Min Read

ഉദുമ: തീവണ്ടിയാത്രയ്ക്കിടെ കോളേജ് അധ്യാപകനെ മർദിച്ച രണ്ട് കോളേജ് വിദ്യാർഥികളെ കാസർകോട് റെയിൽവേ പോലീസ് അറസ്റ്റു ചെയ്തു. പാലക്കുന്ന് തിരുവക്കോളി ഹൗസിലെ പി.എ.മുഹമ്മദ് ജസീം (20), ചേറ്റുകുണ്ട് സീബി ഹൗസിലെ മുഹമ്മദ് റാസീ സലീം (20) എന്നിവരാണ് അറസ്റ്റിലായത്.

ജസീം മംഗളൂരു ശ്രീനിവാസ കോളേജിൽ മൂന്നാംവർഷവും റാസീ സലീം യേനപ്പോയ കോളേജിൽ രണ്ടാംവർഷവും ബിസിഎ വിദ്യാർഥികളാണ്. മംഗളൂരു-കണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ അധ്യാപകൻ, കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കെ.സജനാണ് (48) മർദനമേറ്റത്. തീവണ്ടിയിൽ മഞ്ചേശ്വരത്തുനിന്ന്‌ കാഞ്ഞങ്ങാട്ടേക്ക്‌ വരികയായിരുന്നു സജൻ. ഈ കംപാർട്ട്‌മെൻറിൽ വിദ്യാർഥികൾ തമ്മിൽ അടി നടന്നിരുന്നു. ഇതിനിടയിൽ അധ്യാപകന്റെ ശരീരത്തിലേക്കും കുട്ടികളിൽ ചിലർ ശക്തിയായി മുട്ടി.

ഇത് ചോദ്യംചെയ്തതോടെ ഒരു വിദ്യാർഥി അധ്യാപകന്റെ മുഖത്തടിക്കുകയായിരുന്നു. മറ്റൊരാൾ അധ്യാപകന്റെ കൈവിരലുകൾ പിടിച്ചുതിരിക്കുകയും കഴുത്തിന് പിടിക്കുകയും ചെയ്തുവെന്നാണ് പരാതി.

പാസഞ്ചർ തീവണ്ടിയിൽ മുതിർന്ന കുട്ടികൾ നവാഗതരെ റാഗിങ് ചെയ്യുന്നതായും വ്യാപക പരാതിയുണ്ട്.

റെയിൽവേ പോലീസ് ഇൻസ്പെക്ടർ രജികുമാർ, എസ്ഐ എം.വി.പ്രകാശൻ, എഎസ്ഐ വേണുഗോപാൽ, ഇന്റലിജൻസ് വിഭഗം സിവിൽ പോലീസ് ജ്യോതിഷ് ജോസ്, സിപിഒ അശ്വിൻ ഭാസ്കർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.

Share This Article
Leave a Comment