ജൂലൈ അഞ്ചിന് വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമുള്ള റയോ തത്സുകിയുടെ പ്രവചനത്തില്‍ അങ്കലാപ്പ് തീരാതെ ജപ്പാന്‍. ജാപ്പനീസ് ബാബ വാന്‍കയെന്നാണ് റയോയെ ജനങ്ങള്‍ വിളിക്കുന്നത്. ഇല്ലസ്ട്രേറ്ററായ റയോ, 1999 ല്‍ പ്രസിദ്ധീകരിച്ച ദ് ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകമാണ് ജപ്പാന്‍കാരുടെ ആധിക്ക് ആധാരം. ശനിയാഴ്ച മുതല്‍ 500 ലേറെ ഭൂചലനങ്ങളാണ് കഗോഷിമ ദ്വീപിലുണ്ടായത്. ഇതോടെയാണ് ജപ്പാനിലെ ജനങ്ങള്‍ ഭയപ്പാടിലായത്.

റയോ പ്രവചിച്ചതെന്ത്?
തന്‍റെ വരയിലൂടെയാണ് 2011 ലെ ഭൂകമ്പം റയോ 1999ലേ പ്രവചിച്ച് വച്ചത്. 2011 മാര്‍ച്ചില്‍ മഹാദുരന്തമുണ്ടാകുമെന്നായിരുന്നു റയോ കുറിച്ചത്. 2021 ല്‍ കുറേക്കൂടി ഭീതിദമായ വിവരങ്ങളാണ് റയോ വെളിപ്പെടുത്തിയത്. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയിലുള്ള സമുദ്രാന്തര്‍ ഫലകം വിണ്ടുകീറും. നാലുദിക്കിലേക്കും മാനം മുട്ടുന്ന തിരമാലകള്‍ ആഞ്ഞടിക്കും. 2011 ല്‍ ജപ്പാന്‍റെ തെക്കുപടിഞ്ഞാറന്‍ തീരത്തുണ്ടായതിന്‍റെ മൂന്നിരട്ടി വലിപ്പത്തില്‍ സൂനാമിത്തിരകള്‍ ആഞ്ഞടിക്കും’- എന്നാണ് പ്രവചനത്തില്‍ പറയുന്നത്. കഫെകളിലും ബാറുകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ജപ്പാന്‍ ചര്‍ച്ച ചെയ്യുന്നത് റയോയെ കുറിച്ചു മാത്രമാണ്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തരം പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
തകര്‍ന്നടിഞ്ഞ് വിനോദ സഞ്ചാര മേഖല
റയോയുടെ പ്രവചനം ചര്‍ച്ചയായതിന് പിന്നാലെ ആളുകള്‍ കൂട്ടത്തോടെ വിമാനയാത്ര ഉപേക്ഷിച്ചു. ഫ്ലൈറ്റുകള്‍ റദ്ദാക്കി. ഇതോടെ ഏകദേശം 3.9 ബില്യണ്‍ ഡോളര്‍ (33,438.6 കോടി രൂപ) നഷ്ടമാണ് ജപ്പാനുണ്ടാകുകയെന്ന് നൊമുറോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നു. 30 ശതമാനത്തോളം ഇടിവാണ് വിമാന ടിക്കറ്റ് ബുക്കിങിലുണ്ടായതെന്ന് കമ്പനികളും വ്യക്തമാക്കുന്നു. അഭ്യൂഹങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ജപ്പാന്‍ കൊടുക്കേണ്ടി വന്നത് കനത്ത വിലയാണെന്നായിരുന്നു ടൊട്ടോറി പ്രവിശ്യയിലെ ഗവര്‍ണര്‍ പ്രതികരിച്ചത്. ജപ്പാനിലേക്കുള്ള സര്‍വീസുകള്‍ രണ്ട് ഹോങ്കോങ് വിമാനക്കമ്പനികള്‍ നിര്‍ത്തിവച്ചു. 83 ശതമാനമാണ് ആകെയുണ്ടായ ഇടിവെന്നും കണക്കുകള്‍ പറയുന്നു. മാര്‍ച്ച് 28ന് മ്യാന്‍മറിലുണ്ടായ ഭൂചലനമാണ് ജപ്പാനിലും വന്‍ ഭൂകമ്പമുണ്ടാകുമെന്ന ആശങ്കയേറ്റുന്നത്. റയോയുടെ പ്രവചനം യാഥാര്‍ഥ്യമാകാന്‍ പോകുന്നതിന് മുന്നോടിയാണിതെന്ന് ചിലര്‍ കുറിച്ചു.
പ്രതീകാത്മക ചിത്രം
കെട്ടുകഥയല്ല, സയന്‍സ്.. ആശങ്ക വേണ്ട
എന്നാല്‍ ജനങ്ങള്‍ ഭയചകിതരാവേണ്ട ഒരു കാര്യവുമില്ലെന്നും സൂനാമിയടക്കമുള്ളവ അത്യാധുനിക ശാസ്ത്ര സംവിധാനങ്ങളുടെ പിന്തുണയോടെ പ്രവചിക്കാന്‍ കഴിയുമെന്നും ഇത് കേവലം അഭ്യൂഹം മാത്രമാണെന്നും ടോക്കിയോ സര്‍വകലാശാലയിലെ പ്രഫസര്‍ സാക്കിയ നവോയ പറയുന്നു. എവിടെ, എപ്പോള്‍, എത്ര തീവ്രതയില്‍ ഭൂചലനം ഉണ്ടാകുമെന്ന് കൃത്യമായി പ്രവചിക്കാന്‍ ശാസ്ത്രത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും കോമിക് ബുക്കിലെഴുതിയത് കണ്ട് പരിഭ്രാന്തരാകുന്നതില്‍ കാര്യമില്ല, പക്ഷേ ജപ്പാന്‍ ഭൂമിശാസ്ത്രപരമായി ഭൂകമ്പ സാധ്യത മേഖലയിലായതിനാല്‍ എപ്പോഴും ഏത് പ്രകൃതി ദുരന്തത്തെയും നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന സാമാന്യ തത്വമാണ് ഓര്‍മയില്‍ വേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.