ഭക്ഷണം നൽകാൻ വൈകി; ഹോട്ടലുടമയ്ക്കും ജീവനക്കാർക്കുംനേരേ അഞ്ചംഗസംഘത്തിന്റെ ആക്രമണം

aussimalayali
1 Min Read

വെള്ളറട: ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് ഹോട്ടലുടമയെയും മകനെയും ജീവനക്കാരനെയും അഞ്ചംഗസംഘം ആക്രമിച്ചതായി പരാതി. തലയ്ക്കു പരിക്കേറ്റ ഹോട്ടൽ ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു.

കിളിയൂർ കണ്ണൂർക്കോണത്ത് ഹോട്ടൽ നടത്തുന്ന ആൽഫ്രഡ് ജോൺ(62), മകൻ അഹു എൽ.ജോൺ, ജീവനക്കാരൻ സുരേഷ്‌കുമാർ എന്നിവർക്കു നേരേയാണ് ആക്രമണം നടന്നത്. വെള്ളറട മുട്ടച്ചൽ പനയാട് സ്വദേശി വിനീഷ്(26), ചെമ്പൂര് മഞ്ചംകോട് കാപ്പിയോട് കൃപാഭവനിൽ ആദിത്യൻ(19) എന്നിവരാണ് കസ്റ്റഡിയിലായത്.

ഞായറാഴ്ച രാത്രി 9.30-ഓടെയായിരുന്നു സംഭവം. അവധിദിവസമായതിനാൽ ഹോട്ടലിൽ നല്ല തിരക്കായിരുന്നു. ഈസമയത്താണ് അഞ്ചുപേർ ഉൾപ്പെട്ട യുവാക്കളുടെ സംഘം ഹോട്ടലിലെത്തിയത്. നേരത്തേ എത്തിയവർക്ക് ഭക്ഷണം നൽകുന്നതിനിടയിൽ യുവാക്കൾ ഭക്ഷണം വൈകിയെന്നാരോപിച്ച്‌ ബഹളമുണ്ടാക്കി. ഇതു ചോദ്യംചെയ്ത ആൽഫ്രഡ് ജോണിനെ മർദിച്ചു. ഇതുകണ്ട്‌ ഓടിയെത്തിയ അഹുവിനെയും ജീവനക്കാരനെയും സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പരിസരവാസികൾ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. മറ്റുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Share This Article
Leave a Comment