തിരുവനന്തപുരം ∙ രോഗികളിൽനിന്നു പണപ്പിരിവു നടത്തി ഉപകരണങ്ങൾ വാങ്ങരുതെന്ന മന്ത്രി വീണാ ജോർജിന്റെ കർശന നിർദേശത്തിനു പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ നിർത്തി. ഫ്ലെക്സിബിൾ യൂറിട്ടറോസ്കോപ് എന്ന ഉപകരണമില്ലാത്തതിനാൽ വൃക്കയിലും സമീപവുമുള്ള കല്ലുകൾ നീക്കം ചെയ്യുന്ന റെട്രോഗ്രേഡ് ഇൻട്രാ റീനൽ സർജറി (ആർഐആർഎസ്)യാണ് നിർത്തിവച്ചത്.
സർക്കാർ ആശുപത്രികളിൽ പഞ്ഞി മുതൽ സകലതും രോഗികൾ വാങ്ങി നൽകേണ്ട ഗതികേടാണെന്നു ചൊവ്വാഴ്ച പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചതിനുള്ള മറുപടിയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇതിനു പിന്നാലെ ശസ്ത്രക്രിയയ്ക്കായി രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തുകയായിരുന്നു. ഫ്ലെക്സിബിൾ യൂറിട്ടറോസ്കോപ് കഴിഞ്ഞ ഒക്ടോബർ മുതൽ ലഭ്യമല്ലാത്തതിനാൽ രോഗികളിൽ നിന്നു പണപ്പിരിവു നടത്തി ഉപകരണം വാങ്ങിയായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്.
ഒരു ഉപകരണത്തിനു നികുതി ഉൾപ്പെടെ 60,000 രൂപയാണു ചെലവ്. പരമാവധി 12 പേരുടെ കല്ലുകൾ നീക്കം ചെയ്യാൻ ഇത് ഉപയോഗിക്കാം. വലിയ കല്ലുകളാണെങ്കിൽ 8 പേർക്കേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ.
ഉപകരണം ലഭ്യമല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്നു 2 മാസം മുൻപു വെളിപ്പെടുത്തിയ ഡോ. സി. എച്ച്.ഹാരിസാണ് വകുപ്പ് മേധാവി. ഈ ഉപകരണം വാങ്ങിനൽകണമെന്നു പലതവണ ഡോ. ഹാരിസ് ആശുപത്രി മേധാവികൾക്കു കത്തു നൽകിയിട്ടുണ്ടെന്നാണു വിവരം. മൂത്രാശയക്കല്ല് പൊടിക്കുന്ന ഇഎസ്ഡബ്ല്യുഎൽ എന്ന ഉപകരണം വാങ്ങുന്നതിനു കഴിഞ്ഞദിവസം ആരോഗ്യ വകുപ്പ് ഭരണാനുമതി നൽകിയിരുന്നു. 2023 മുതൽ ആവശ്യപ്പെടുന്നതാണിത്.
ഹൃദയ ശസ്ത്രക്രിയയ്ക്കും പ്രതിസന്ധി തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന സൂപ്രണ്ട് ഡോ. ബി.എസ്.സുനിലിന്റെ ആവശ്യം ഏജൻസികൾ നിരസിച്ചു. ഒന്നര വർഷത്തെ കുടിശിക തുകയായ 29.56 കോടി രൂപയും വേണമെന്നാണ് ഏജൻസികളുടെ ആവശ്യം. സർക്കാർ പണം തരാതെ അതു സാധ്യമല്ലെന്ന് സൂപ്രണ്ട് അറിയിച്ചു. സെപ്റ്റംബർ 1 മുതൽ ഉപകരണ വിതരണം നിർത്തിവച്ചിരിക്കുകയാണ്.
