ആലപ്പുഴ : ബസില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണ ചെയിന്‍ ഉടമസ്ഥന് നല്‍കി കണ്ടക്ടര്‍ മാതൃകയായി. ഹരിപ്പാട്ട് നിന്ന് തിരുവല്ലയ്ക്ക് പോയി മടങ്ങി വരുന്ന വഴി വീയപുരത്ത് വച്ചാണ് കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ ദീപക്ക് സീറ്റിനടിയിൽ നിന്ന് സ്വർണ്ണ ചെയിൻ കിട്ടിയത്. വിവരം ഡ്രൈവറെ അറിയിച്ചശേഷം ഹരിപ്പാട് ഡിപ്പോയിൽ ആഭരണം കൈമാറാമെന്നു കരുതി ഇരിക്കുമ്പോൾ എടത്വ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ കണ്ടക്ടർ ദീപയെ വിളിച്ചു ഒരു യാത്രക്കാരിയുടെ കൈ ചെയിൻ ബസ്സിൽ നഷ്ടപ്പെട്ട വിവരമറിയിച്ചു. ആഭരണം കിട്ടിയിട്ടുണ്ടെന്നും ഹരിപ്പാട് ഡിപ്പോയിലേക്ക് വന്നാൽ അധികൃതരുടെ അനുമതിയോടെ ആഭരണം നൽകാമെന്നുമറിയിച്ചു. തലവടി മകരച്ചാൽ സ്വദേശി കൃഷ്ണകുമാരി അശോക് പിന്നാലെയുള്ള ബസിൽ ഹരിപ്പാട് ഡിപ്പോയിലെത്തി. തിരുവല്ലയിൽ നിന്ന് വെള്ളക്കിണറിനു ടിക്കറ്റെടുത്ത കൃഷ്ണകുമാരിയെ കണ്ടക്ടർ തിരിച്ചറിഞ്ഞു. തുടർന്നു ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ ശരത് ചന്ദ്രന്റെ സാന്നിധ്യത്തിൽ സി വി ദീപയും ഡ്രൈവർ പി എസ് ജയനും ചേർന്നു ആഭരണം ഉടമക്ക് കൈമാറി.