ഓസ്ട്രേലിയയിലേക്ക് മാരക ലഹരിമരുന്ന് കടത്തിയ കേസ്; ദമ്പതികളുടെ റിസോർട്ട് കേന്ദ്രീകരിച്ച് അന്വേഷണം…

aussimalayali
1 Min Read

ഓസ്ട്രേലിയയിലേക്ക് മാരക ലഹരിമരുന്നായ കെറ്റമീൻ കടത്തിയ കേസിൽ പിടിയിലായ ദമ്പതികളുടെ റിസോർട്ട് കേന്ദ്രീകരിച്ച് എൻസിബി അന്വേഷണം. ലഹരിയിടപാടിലൂടെ സമ്പാദിച്ച പണമാണ് ഡിയോളും ഭാര്യ അഞ്ജുവും റിസോർട്ടിൽ നിക്ഷേപിച്ചതെന്നാണ് നിഗമനം. കെറ്റാമെലോൺ എന്നറിയപ്പെട്ട എഡിസൺ ബാബുവും പലതവണ റിസോർട്ടിലെത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. റിസോർട്ടിൽ ലഹരിപ്പാർട്ടികൾ നടക്കാറുണ്ടെന്ന് നാട്ടുകാരും മനോരമ ന്യൂസിനോട് പറഞ്ഞു.

ആഗോള ലഹരിമരുന്ന് ശൃംഖലകള്‍ കേന്ദ്രീകരിച്ചുള്ള എന്‍സിബിയുടെ അന്വേഷണത്തിലാണ് മലയാളി ബന്ധം ഒന്നിന് പുറകെ ഒന്നായി പുറത്തുവരുന്നത്. 2023ല്‍ കൊച്ചിയില്‍ പിടികൂടിയ ലഹരി പാഴ്സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് റിസോര്‍ട്ടുടമകളായ ദമ്പതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. 2019 മുതല്‍ അറസ്റ്റിലായ ഡിയോളിന്‍റെ നേതൃത്വത്തില്‍ ഓസ്ട്രേലിയിലേക്ക് റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന കെറ്റമീന്‍ അയച്ചിരുന്നുവെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. കെറ്റമെലോണ്‍ ഡാര്‍ക് വെബ് ലഹരിശൃംഖലയുടെ ബുദ്ധികേന്ദ്രം മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ബാബുവുമായി ചേര്‍ന്നായിരുന്നു ഇടപാടുകള്‍. എഡിസനും ഡിയോളും ഡാര്‍ക്നെറ്റ് ലഹരിശൃംഖല കേസില്‍ പിടിയിലായ അരുണ്‍ തോമസും സഹപാഠികളാണ്. ആ കൂട്ടുക്കെട്ട് ലഹരിയിടപാടുകളിലും തുടര്‍ന്നു. 2023ലാണ് ഇടുക്കി പാഞ്ചാലിമേടില്‍ ദമ്പതികള്‍ റിസോര്‍ട്ട് ആരംഭിക്കുന്നത്. 

യുകെയില്‍ നിന്ന കെറ്റമീന്‍ എത്തിച്ച ശേഷമായിരുന്നു ഓസ്ട്രേലിയലേക്കുള്ള കടത്തെന്നാണ് എന്‍സിബി നല്‍കുന്ന വിവരം. അതേസമയം കെറ്റമെലോണ്‍ ഡാര്‍ക് നെറ്റ് ലഹരി ശൃംഖലയുമായി ദമ്പതികള്‍ക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക ലഭിക്കുന്ന വിവരം.  കെറ്റമെലോണ്‍ എന്ന എഡിസന്‍ ബാബുവിന്‍റെ കൂടുതല്‍ ലഹരിയിടപാടുകളിലേക്കും എന്‍സിബി അന്വേഷണം വ്യാപിപ്പിക്കുകയാണ്. ലഹരിയിടപാടുകളിലൂടെ സമ്പാദിച്ച കോടികള്‍ എഡിസന്‍ പൂഴ്ത്തിയതായും എന്‍സിബി സംശയിക്കുന്നു. എഡിസനെയും കൂട്ടരെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. 

ആഗോള ലഹരിമരുന്ന് ശൃംഖലകളെ പൂട്ടാന്‍ ഓസ്ട്രേലിയയിലും അമേരിക്കയിലുമടക്കം എന്‍സിബി ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. നാല് ഭൂഖണ്ഡങ്ങളില്‍ പത്തിലേറെ രാജ്യങ്ങളില്‍ എഡിസന്‍ ബാബു കണ്ണിയായ ആഗോള ലഹരിമരുന്ന് ശൃംഖല വ്യാപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

Share This Article
Leave a Comment