ആഘോഷത്തിമിർപ്പിൽ ബ്രിസ്‌ബെൻ ഓറിയോൺ ഷോപ്പിങ് സെന്റർ

aussimalayali
2 Min Read

ബ്രിസ്‌ബെൻ ∙ ആഘോഷങ്ങളുടെ ഉത്സവപ്രതീതിയിലേക്ക് ബ്രിസ്‌ബെനിലെ ഓറിയോൺ ഷോപ്പിങ് സെന്റർ പ്രവേശിക്കുന്നത്, നഗരത്തിലെ പ്രധാന റോഡുകൾ അടച്ചുകൊണ്ടാണ്. രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ വ്യാപാര കൂടാരങ്ങൾ ഈ പാതകളിൽ ഉയരും. സാധനങ്ങൾ വാങ്ങുന്നതിനായി ഇവിടേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തിൽ പ്രാദേശികവാസികൾ മാത്രമല്ല, ദൂരദേശങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.

വെറും ഷോപ്പിങ്ങിനപ്പുറം, ആഘോഷത്തിന്റെ വേറിട്ടൊരനുഭവം ഓർമകളിലേക്ക് ചേർക്കുക എന്നതും ഇവരുടെ ലക്ഷ്യമാണ്. സംഗീതവും നൃത്തവും അത്യന്തം ചിട്ടയോടും മനോഹാരിതയോടും ഇവിടെ അവതരിപ്പിക്കപ്പെടുന്നു. കലാപ്രകടനങ്ങളും കച്ചവടവും തടസ്സങ്ങളില്ലാതെ സമന്വയിക്കുന്ന ഈ ജനകീയോത്സവം വൈകുന്നേരത്തോടെ കൊടിയിറങ്ങും.

കുട്ടികളും മുതിർന്നവരും ആവശ്യമായ ഉൽപന്നങ്ങൾ വാങ്ങുന്നതിനും ഈ ഉത്സവത്തിൽ പങ്കുചേരുന്നതിനും എത്തുന്നു. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും ഇതിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. വിവിധ സംഘങ്ങളുടെ നേതൃത്വത്തിലാണ് ഈ വ്യാപാരമേള നടക്കുന്നത്.

ഇത് വെറുമൊരു വിപണിയല്ല, സമ്പൂർണ്ണ കുടുംബസംഗമം കൂടിയാണ്. പ്രാദേശികമായി നിർമിച്ച കൈത്തൊഴിൽ ഉൽപന്നങ്ങൾ, ഫാഷൻ ആഭരണങ്ങൾ, വീടലങ്കാര സാമഗ്രികൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. കൂടാതെ, പ്രശസ്ത കലാകാരന്മാരുടെ മനോഹരമായ ചിത്രങ്ങളും ഇവിടെ വിൽക്കപ്പെടുന്നു.

മേളയുടെ തുടക്കത്തിൽ തന്നെ കണ്ടത് പാപുവ ന്യൂ ഗിനിയയിൽ നിന്നുള്ള പുരാതന നൃത്തമാണ്. അതിമനോഹരമായ ആ പ്രകടനം ഏറെ ആകർഷകമായിരുന്നു. ഓസ്ട്രേലിയയുടെ വടക്ക്, തെക്കൻ പസഫിക് മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സ്വതന്ത്ര രാജ്യമാണ് പാപുവ ന്യൂ ഗിനിയ. വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും പുലർത്തുന്നവരാണ് അവിടുത്തെ ജനങ്ങൾ. പിന്നീട് കണ്ടത്, തേച്ചുമിനുക്കിയ വെള്ള ഷർട്ടും കറുത്ത പാന്റുമണിഞ്ഞ മുതിർന്നവരും കുട്ടികളുമടങ്ങിയ കലാകാരന്മാരുടെ സംഘമായിരുന്നു. അവർ അവതരിപ്പിച്ച സംഗീതം അതീവ ഹൃദ്യമായിരുന്നു.

തുടർന്ന് ഒരു ഇന്ത്യൻ ഗായിക വേദിയിലെത്തി തന്റെ ജീവിതാനുഭവം പങ്കുവച്ചു. ഒരുതവണ കാഴ്ചശക്തി നഷ്ടപ്പെട്ട ഗായികയ്ക്ക് വിദഗ്ധ ചികിത്സയും പ്രാർഥനയും വഴിയാണ് അത് തിരികെ ലഭിച്ചതെന്നാണ് അവർ പറഞ്ഞത്. കാഴ്ചയില്ലാത്ത നാളുകളിൽ മനസ്സിൽ പാട്ടുകൾ ചിട്ടപ്പെടുത്തിയെന്നും, പിന്നീട് കാഴ്ച ലഭിച്ചപ്പോൾ അവ എഴുതി സംഗീതമാക്കുകയും വേദിയിൽ ആലപിക്കുകയും ജനങ്ങൾ ശക്തമായി കയ്യടിക്കുകയും ചെയ്തത് മനസ്സിൽ തട്ടിയ അനുഭവമായി അവർ വിവരിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ നൃത്തവും താളമേളങ്ങളും അവിടെയുണ്ടായിരുന്നു. അവർ മേളയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കൊട്ടിയും പാടിയും നൃത്തം ചെയ്തു. ഇത് കണ്ട് കാണികളും അവരോടൊപ്പം നൃത്തം ചെയ്തു. മാവോറികളുടെ സ്റ്റാളിൽ മാവോറി സംഗീതവും ചിത്രരചനയും അരങ്ങേറി.

മറ്റൊരു സ്റ്റാളിൽ പഴയ വാഹന ഭാഗങ്ങൾ കൊണ്ട് നിർമ്മിച്ച അലങ്കാര വസ്തുക്കൾ കൗതുകമുണർത്തി. വിവിധതരം ഭക്ഷണ സ്റ്റാളുകൾ ധാരാളമായി മേളയിലുണ്ടായിരുന്നു. ചിലർ നായ്ക്കളെയും പൂച്ചകളെയും തോളിലേറ്റി നടക്കുന്ന കൗതുക കാഴ്ചയും ഇവിടെ കാണാം.

Share This Article
Leave a Comment