ആക്സിയം 4 ദൗത്യം; ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും

aussimalayali
1 Min Read

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ തിരികെ മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കലിഫോർണിയക്കടുത്ത് പസഫിക് സമുദ്രത്തിൽ സംഘത്തെയും വഹിച്ചുകൊണ്ട് ഡ്രാഗൺ പേടകം സ്പ്ലാഷ്ഡൗൺ ചെയ്യും. പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് ആക്സിയം ഫോർ സംഘം മടങ്ങിയെത്തുന്നത്

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഏടുകൾ എഴുതി ചേർത്താണ് ആക്സിയം സ്പേസിന്റെ നാലാമത്തെ ദൗത്യം പൂർത്തിയാക്കി നാൽവർ സംഘം ഭൂമിയിലേക്ക് തിരികെ എത്തുന്നത്. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല പൈലറ്റായുള്ള ദൗത്യത്തിന്റെ കമാൻഡർ പരിചയ സമ്പന്നയായ പെഗി വിറ്റ്സണാണ്. പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാൻസ്കി വിസ്നീവ്സ്ക്കിയും ഹങ്കറിക്കാരൻ ടിബോർ കാപുവുമാണ് മറ്റ് രണ്ട് യാത്രികർ. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിത എന്ന റെക്കോഡിനുടമയായ പെഗ്ഗി വിറ്റ്സണ് ബഹിരാകാശ യാത്രയിൽ പുതുമ ഇല്ലെങ്കിലും മറ്റ് മൂന്ന് യാത്രികരുടേയും ആദ്യ ബഹിരാകാശ യാത്രാനുഭവമാണ് പൂർത്തിയായത്. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനുമാണ് ശുഭാംശു ശുക്ല.

31 രാജ്യങ്ങൾ നിർദേശിച്ച അറുപത് പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശ നിലയത്തിൽ നടത്തിയത്. പരീക്ഷണങ്ങളുടെ ഫലങ്ങൾ വിവിധ മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാസൂചിക സമ്മാനിക്കും. ഐഎസ്ആർഒ നിർദേശിച്ച ഏഴ് പരീക്ഷണങ്ങളാണ് ശുഭാംശു പൂർത്തിയാക്കിയത്. ബഹിരാകാശ നിലയത്തിൽ ശുഭാംശു മുളപ്പിച്ച വിത്തുകൾ ഭൂമിയിലെത്തിച്ച് തുടർ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തും. സയനോബാക്ടീരയകൾ, മൂലകോശങ്ങൾ ,സൂക്ഷ്മ ആൽഗകൾ എന്നിവയിൽ നടത്തിയ പരീക്ഷണങ്ങളും അതിപ്രധാനമാണ്. കലിഫോണിയയ്ക്കടുത്ത് പസഫിക് സമുദ്രത്തിൽ വൈകിട്ട് മൂന്ന് മണിക്കാണ് ഡ്രാഗൺ പേടകം സ്പ്ലാഷ്ഡൗൺ ചെയ്യുക. ഏഴ് ദിവസത്തെ പ്രത്യേക പുനരധിവാസത്തിന് ശേഷം മാത്രമേ ദൗത്യസംഘാങ്ങൾക്ക് സ്വന്തം ദേശങ്ങളിലേക്ക് പോകാൻ കഴിയൂ. തിരികെ സ്വദേശത്തെത്തുമ്പോൾ ശുഭാംശുവിന് വൻ വരവേൽപ് നൽകാൻ ഒരുങ്ങുകയാണ് രാജ്യം.

Share This Article
Leave a Comment