ഓപ്പറേഷൻ നുംഖുറിന്റെ ഭാഗമായി പഴുതടച്ചുള്ള പരിശോധന തുടരുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇന്ന് രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തു. കേസിൽ കേന്ദ്ര ഏജൻസികളും വിവരശേഖരണം തുടങ്ങി. കുണ്ടന്നൂരിൽ നിന്ന് ഇന്ന് പിടിച്ചെടുത്തത്ത് ഫസ്റ്റ് ഓണർ വാഹനമെന്ന് കസ്റ്റംസ് അറിയിച്ചു. കേരളത്തിൽ നിന്ന് പിടികൂടുന്ന ആദ്യത്തെ ഫസ്റ്റ് ഓണർ വാഹനമാണിത്.
ലാൻഡ് ക്രൂയിസർ വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അസം സ്വദേശിയായ മാഹിന്റെ പേരിൽ വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളത് അരുണാചൽ പ്രദേശിലാണ്. എന്നാൽ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ മേൽവിലാസത്തിലെന്നും സൂചന. അടിമാലിയിൽ നിന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും തിരുവനന്തപുരം സ്വദേശിയുമായ ശിൽപ്പയുടെ ലാൻഡ് ക്രൂയിസർ കാറും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.
കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഐഎയും ഇഡിയും വിവരശേഖരണവും തുടങ്ങി. ഭൂട്ടാനിൽ നിന്നടക്കം അനധികൃതമായി ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ട് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. 38 വാഹനങ്ങൾ ഇതിനോടകം കണ്ടെത്തി. അവശേഷിക്കുന്നവ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് കസ്റ്റംസ്.
സംശയ നിഴലിലുള്ള ദുൽഖർ സൽമാൻ്റെ നാലു വാഹനങ്ങളിൽ രണ്ടെണ്ണം പിടിച്ചെടുത്തു. രജിസ്ട്രേഷനായി മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റിൽ അടക്കം ക്രമക്കേട് നടത്തിയെന്ന സംശയവും കസ്റ്റംസിനുണ്ട്. തന്റെ ഒരു വാഹനം മാത്രമാണ് പിടിച്ചെടുത്തതെന്നും മറ്റ് ആറു വാഹനങ്ങൾ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്നും നടൻ അമിത് ചക്കാലക്കൽ പ്രതികരിച്ചു.
