ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്ന് ആരോപിച്ച് നഷ്ടപരിഹാരമായി രണ്ടുകോടി രൂപ ആവശ്യപ്പെട്ട ഭാര്യക്കെതിരെ പരാതി. ബംഗളൂരുവിലാണ് സംഭവം. ഗോവിന്ദരാജനഗറിലെ താമസക്കാരനായ യുവാവ് കഴിഞ്ഞ മേയ് 5നാണ് വിവാഹിതനായത്. വിവാഹശേഷം ദമ്പതികള്‍ ബെംഗളൂരുവിലെ സപ്തഗിരി പാലസിലാണ് താമസിച്ചിരുന്നത്. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും യുവദമ്പതികള്‍ക്കിടെയില്‍ ശാരീരികബന്ധം നടന്നിരുന്നില്ല. തുടര്‍ന്നാണ് ലൈംഗിക ശേഷിക്കുറവ്, പീഡനം, ആക്രമണം എന്നീ ആരോപണങ്ങൾ ഉന്നയിച്ചും നഷ്ടപരിഹാരമായി രണ്ടുകോടി നല്‍കണമെന്നും ആവശ്യപ്പെട്ട് ഭാര്യ രംഗത്തുവരുന്നത്.
എന്നാല്‍ ഇതിനു പിന്നാലെ 35കാരനായ ഭര്‍ത്താവ് പൊലീസില്‍ ഒരു പരാതി നല്‍കുകയായിരുന്നു. എഫ്ഐആര്‍ പ്രകാരം വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷവും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ലാത്തതുകൊണ്ട്, തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് ഭാര്യക്ക് സംശയം തോന്നിയെന്നും തുടർന്ന് ഒരു വൈദ്യപരിശോധനയ്ക്ക് വിധേയനാകാൻ നിര്‍ബന്ധിച്ചുവെന്നും പറയുന്നു.
തനിക്ക് ലൈംഗിക ബന്ധത്തിന് ശാരീരികമായി ശേഷിയുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായി യുവാവ് അവകാശപ്പെട്ടു. മാനസിക പിരിമുറുക്കമാണ് ലൈംഗികബന്ധത്തിനുള്ള മടിക്ക് കാരണമെന്നും യുവാവ് പറയുന്നു. ഇതു ചൂണ്ടിക്കാട്ടി ക്ഷമയോടെ കാത്തിരിക്കാൻ ഡോക്ടർമാർ ഉപദേശിച്ചതായും യുവാവ് പറയുന്നു.
അതേസമയം ഭർത്താവ് ദാമ്പത്യബന്ധത്തിലെ കടമകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ 29കാരിയായ ഭാര്യ ഉറച്ചുനിന്നു. ഇതോടെ തർക്കം രൂക്ഷമായി. യുവതിയുടെ കുടുംബാംഗങ്ങള്‍ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുവന്ന് ആക്രമിച്ചുവെന്നും യുവാവിന്റെ എഫ്ഐആറില്‍ പറയുന്നു. ആക്രമണത്തിന് ശേഷമാണ് യുവാവ് പൊലീസിനെ സമീപിച്ചത്.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഗോവിന്ദരാജനഗർ പോലീസ് യുവതിക്കും ബന്ധുക്കൾക്കുമെതിരെ ആക്രമണം, പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. യുവാവ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഭാര്യ ബിജെപിയുടെ മാധ്യമ വിഭാഗത്തിലാണെന്നും തനിക്ക് പിന്തുണ നൽകണമെന്ന് പാർട്ടിയോട് അഭ്യർത്ഥിച്ചതായും അവകാശപ്പെടുന്നുണ്ട്.
