സിഎംഎസ് കോളേജിലെ സംഘർഷം; എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരേ ലാത്തിവീശിയ ഡിവൈഎസ്‍പിയെ സ്ഥലംമാറ്റി

aussimalayali
1 Min Read

കോട്ടയം: കഴിഞ്ഞ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം നിയന്ത്രിക്കാൻ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരേ ലാത്തിവീശിയ ഡിവൈഎസ്‍പിയെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലംമാറ്റി. സിപിഎമ്മിന്റെ പ്രതികാരനടപടിയാണ് ഇതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കോട്ടയം ഡിവൈഎസ്‍പി കെ.ജി അനീഷിനെയാണ് പത്തനംതിട്ട ക്രൈംബ്രാഞ്ചിലേയ്ക്ക് സ്ഥലംമാറ്റിയത്.

കോട്ടയം സിഎംഎസ് കോളേജിൽനടന്ന യൂണിയൻ തിരഞ്ഞെടുപ്പിനിടെ കെഎസ്‍യു-എസ്എഫ്ഐ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ കെഎസ്‍യുവിന് മുൻതൂക്കമുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു ഇത്. ഇരുചേരികളായുള്ള സംഘർഷത്തിനിടെ കോളേജിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായ കല്ലേറും ഏറ്റുമുട്ടലും നിയന്ത്രിക്കാൻ ഡിവൈഎസ്‍പി കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ പോലീസ് ലാത്തിവീശുകയായിരുന്നു.

ഇതിൽ എസ്എഫ്ഐ പ്രവർത്തകർക്കും അടിയേറ്റു. സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകന്റെ തലയ്ക്ക് പരിക്കേറ്റത് പോലീസ് തള്ളിയിട്ടതുമൂലമാണെന്നാരോപിച്ച് എസ്എഫ്ഐ നേതാക്കളും പോലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. തിരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേയ്ക്ക് തള്ളിക്കയറാൻ എസ്എഫ്ഐ ജില്ലാസെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പലതവണ നടത്തിയനീക്കം തടഞ്ഞതോടെ പോലീസും എസ്എഫ്ഐ പ്രവർത്തകരും നേർക്കുനേർ ഏറ്റുമുട്ടി. പോലീസിനുനേരേ പ്രവർത്തകർ കല്ലുകളും ചെടിച്ചട്ടികളുമുൾപ്പെടെ വലിച്ചെറിഞ്ഞു. ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ, സെക്രട്ടേറിയറ്റംഗം അഡ്വ. റെജി സഖറിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളും കോളേജിലെത്തി.

ഇവരുടെ നിർദേശങ്ങൾ പൂർണമായും പോലീസ് മുഖവിലയ്ക്കെടുത്തില്ലെന്നതാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് പോലീസിലെ അടക്കംപറച്ചിൽ. ലാത്തിച്ചാർജിന് നേതൃത്വംകൊടുത്ത ഡിവൈഎസ്‍പിക്കെതിരേ ശക്തമായ നടപടിവേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. 28 വർഷങ്ങൾക്കുശേഷം, 15-ൽ 14 സീറ്റും നേടി സിഎംഎസ് കോളേജിലെ യൂണിയൻ ഭരണം കെഎസ്‍യു പിടിച്ചെടുത്തിരുന്നു.

Share This Article
Leave a Comment