ഗൂഗിളിന്‍റെ ജെമിനി എഐയിലെ ‘നാനോ ബനാന’ ട്രെന്‍ഡ് വലിയ ചര്‍ച്ചയാവുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും നാനോ ബനാന ചിത്രങ്ങളാണ്. ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്‌ത് കൊടുത്താല്‍ സാരി അണിയിച്ച് തിരികെ തരുന്ന സാരി ട്രെന്‍ഡാണ് നാനോ ബനാനയില്‍ ഏറ്റവും തരംഗമായത്. ഇത്തരത്തില്‍ തന്‍റെയൊരു ഫോട്ടോ അപ്‌ലോഡ് ചെയ്‌ത ശേഷം സാരി രൂപത്തില്‍ തിരികെ ലഭിച്ചപ്പോള്‍ ഞെട്ടിയതായുള്ള ഒരു യുവതിയുടെ വീഡിയോ പ്രതികരണം വലിയ ചര്‍ച്ചയായിരിക്കുകയാണ്. എഐ ഇമേജ് ജനറേഷന്‍ ടൂളുകളില്‍ മറഞ്ഞിരിക്കുന്ന വലിയ അപകടമാണ് ഈ സംഭവം തെളിയിക്കുന്നത് എന്ന് യുവതി പറയുന്നു.
ജെമിനി എഐയില്‍ നിന്ന് ഭയാനകമായ ഒരു അനുഭവം തനിക്കുണ്ടായി എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന വീഡിയോയില്‍ യുവതി വിവരിക്കുന്നത്. പച്ച നിറത്തിലുള്ള ഫുള്‍-സ്ലീവ് വസ്‌ത്രമണിഞ്ഞുള്ള ഫോട്ടോയാണ് നാനോ ബനാന ഇമേജ് സൃഷ്‌ടിക്കാനായി ജെമിനിയില്‍ യുവതി അപ്‌ലോഡ് ചെയ്‌തത്. എന്നാല്‍ ജെമിനി നിര്‍മ്മിച്ചുനല്‍കിയ ചിത്രം കണ്ട് യുവതിയുടെ കണ്ണുതള്ളി. ജെമിനി തനിക്ക് നിര്‍മ്മിച്ചുനല്‍കിയ ചിത്രം ഇഷ്‌ടപ്പെട്ടെന്നും അത് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്‌തു എന്നുപറഞ്ഞാണ് യുവതി സംസാരിച്ച് തുടങ്ങുന്നത്. എന്നാല്‍ ചിത്രത്തിലെ ഒരു കാര്യം വിചിത്രമായി യുവതിക്ക് തോന്നി. ജെമിനിയില്‍ അപ്‌ലോഡ് ചെയ്‌ത ഫോട്ടോയില്‍ മറഞ്ഞിരുന്ന ഇടതുകയ്യിലെ മറുക് നാനോ ബനാന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് യുവതിയെ ഞെട്ടിച്ചത്. ‘ഫുള്‍-സ്ലീവ് അണിഞ്ഞുള്ള ഫോട്ടോയാണ് അപ്‌ലോഡ് ചെയ്‌തത് എന്നതിനാല്‍ ഇതെങ്ങനെ സംഭവിച്ചു എന്ന ഞെട്ടല്‍ യുവതി പങ്കിടുന്നു. എന്‍റെ ശരീരത്തില്‍ അങ്ങനെയൊരു മറുകുള്ള കാര്യം ജെമിനിക്ക് എങ്ങനെ പിടികിട്ടി? അക്കാര്യം ഭയപ്പെടുത്തുന്നു. എങ്ങനെ നാനോ ബനാന ചിത്രത്തില്‍ ഇങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല. അതിനാല്‍ ഇക്കാര്യം എല്ലാവരുമായി പങ്കുവെക്കുകയാണ്. സോഷ്യല്‍ മീഡിയയിലോ എഐ പ്ലാറ്റ്‌ഫോമിലോ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ ശ്രദ്ധിക്കുക’- എന്നുമാണ് യുവതി വീഡിയോയില്‍ പറയുന്നത്.
യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനകം വലിയ ചര്‍ച്ചയായി. എഐ ടൂളുകള്‍ സൃഷ്‌ടിക്കുന്ന അപകട സാധ്യതകളെ കുറിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരണം അറിയിച്ചിരിക്കുന്നത്.