തിരുവനന്തപുരം: പരിശോധനയ്ക്കായി ട്രെയിന് അടിയിലേക്ക് വനിതാ ജീവനക്കാരി ഇറങ്ങിയതറിയാതെ ട്രെയിൻ മുന്നോട്ട് എടുത്തു. ട്രെയിനിന് അടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരിയുടെ ശരീരത്തിൽ തൊട്ട് തലോടി രണ്ട് കോച്ചുകൾ കടന്നുപോയതോടെ സമീപത്തുണ്ടായ ആളുകൾ ബഹളമുണ്ടാക്കിയാണ് ട്രെയിൻ നിർത്തിച്ചത്. ട്രാക്കിൽ കമിഴ്ന്ന് കിടന്നതിനാൽ ജീവനക്കാരി ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. സംഭവത്തെപ്പറ്റി റെയില്‍വേ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ചിറയിൻകീഴ് റയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ കോച്ചിനടിയില്‍ നിന്ന് പുക ഉയരുന്നത് മുരുക്കുംപുഴ സ്റ്റേഷനിലെ ജീവനക്കാരാണ് വനിതാ ട്രെയിന്‍ മാനേജറായിരുന്ന കുണ്ടമണ്‍കടവ് സ്വദേശിനി ടി.കെ ദീപയെ വിവരം അറിയിക്കുന്നത്. ട്രെയിൻ ചിറയിൻ കീഴിൽ എത്തിയതോടെ വോക്കി ടോക്കി വഴി വിവരം ലോക്കോ പൈലറ്റിനെ അറിയിച്ച ശേഷം ദീപ എവിടെ നിന്നാണ് പുക ഉയരുന്നതെന്ന് പരിശോധിക്കാനായി ട്രെയിനിന് അടിയിലേക്ക് ഇറങ്ങി. എന്നാൽ പരിശോധനയ്ക്ക് ഇടയില്‍ ട്രെയിന്‍ മുന്നോട്ട് എടുക്കുകയായിരുന്നു.