അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സഞ്ചാരികളുടെ ഫേവറിറ്റായി ഈ രാജ്യം; കണക്കുകൾ പുറത്തുവിട്ട് ഓൺലൈൻ ട്രാവൽ ഏജൻസി

aussimalayali
1 Min Read

കോവിഡ് മഹാമാരിയ്ക്ക് ശേഷം അന്താരാഷ്ട്ര തലത്തിൽ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ഓരോ രാജ്യത്തെയും ടൂറിസം മേഖലയിൽ ഇതിന്റെ ശക്തമായ പ്രതിഫലനങ്ങൾ ദൃശ്യമാണ്. ഇന്ത്യക്കാരുടെ കാര്യത്തിൽ, അന്താരാഷ്ട്ര യാത്രകളിൽ വലിയ വര്‍ധനവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര യാത്രകൾക്കായി 31.7 ബില്യൺ ഡോളറാണ് ഇന്ത്യക്കാര്‍ ചെലവഴിച്ചത്. 2023ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനമാണ് വര്‍ധനവ്.

ഈ വര്‍ഷം ആദ്യ പകുതിയിലെ കണക്കുകൾ അനുസരിച്ച് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതൽ തെരഞ്ഞ അന്താരാഷ്ട്ര ഡെസ്റ്റിനേഷൻ ഏതാണെന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് ഓൺലൈൻ ട്രാവൽ ഏജൻസിയായ ബുക്കിംഗ്.കോം. ദുബായിയാണ് ഇന്ത്യക്കാരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയ്ക്കും ജൂണിനും ഇടയിൽ ഏകദേശം 10 മില്യൺ ആളുകളാണ് ദുബായിയെ കുറിച്ച് തെരഞ്ഞത്. ഇതിൽ 10 ശതമാനത്തിലധികവും ഇന്ത്യയിൽ നിന്നുള്ളവരാണ്. ചെലവ് കുറഞ്ഞ വിമാന യാത്ര, വേഗത്തിലുള്ള വിസ പ്രക്രിയകൾ, അനന്തമായ എന്റര്‍ടെയ്ൻമെന്റ് ആക്ടിവിറ്റികൾ എന്നിവയാണ് ദുബായിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നുള്ള വിമാന സര്‍വീസുകൾ, ബഡ്ജറ്റ് ഡീലുകൾ, വിസ പ്രക്രിയകളെല്ലാം ഇന്ത്യക്കാര്‍ക്ക് ദുബായിലേയ്ക്കുള്ള യാത്ര എളുപ്പവും സമ്മര്‍ദ്ദരഹിതവുമാക്കുന്നു. ഇന്ത്യയിലെ അവധിക്കാലങ്ങളിൽ ദുബായിൽ ഷോപ്പിംഗ് ഫെസ്റ്റിവൽസ് നടക്കാറുണ്ട്. ഡെസേര്‍ട്ട് സഫാരികളും ഒട്ടക സഫാരികളും ലോകോത്തര തീം പാര്‍ക്കുകളുമെല്ലാം സഞ്ചാരികളുടെ പ്രിയപ്പെട്ടവയാണ്. ലോകത്തിലെ ഉയരം കൂടിയ ബുര്‍ജ് ഖലീഫ കാണാനും നിരവധിയാളുകളാണ് എത്താറുള്ളത്. യുഎഇയുടെ നോ ഇൻകം ടാക്സ് പോളിസിയും ആകര്‍ഷകമാണ്. യുഎഇയിലെ ഇന്ത്യൻ എംബസിയുടെ കണക്കുകൾ പ്രകാരം 4.3 മില്യൺ ഇന്ത്യക്കാരാണ് എമിറേറ്റ്സിൽ താമസിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ റെസ്റ്റോറന്റുകളും ആഘോഷങ്ങളും ബിസിനസുകളുമെല്ലാം ദുബായിൽ ആദ്യമായി എത്തുന്ന ഇന്ത്യക്കാര്‍ക്ക് മറ്റൊരു രാജ്യമാണെന്ന പ്രതീതി അകറ്റുന്നു.

Share This Article
Leave a Comment