തിരുവനന്തപുരം: ബംഗളുരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് കഞ്ചാവ് എത്തിച്ച യുവാവിനെ പിടികൂടി എക്സൈസ് സംഘം. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ വോൾവോ ബസിലെ യാത്രക്കാരനിൽ നിന്നാണ് അമരവിള ചെക്പോസ്റ്റിലെ പരിശോധനാ സംഘം കഞ്ചാവ് കണ്ടെത്തിയത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി കൗസ്തുഭ് നാരായണൻ(32) ആണ് പിടിയിലായത്. തന്റെ പൗച്ചിനുള്ളിലാണ് ഇയാൾ കഞ്ചാവ് കടത്തി കൊണ്ടുവന്നത്. എക്സൈസ് പരിശോധനയ്ക്കിടെ സംശയം തോന്നി ഇയാളെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർ നടപടിക്കായി ഇയാളെ റേഞ്ച് ഓഫീസിലേക്ക് കൈമാറി. വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവാണോ എന്നതടക്കം അറിയുന്നതിനായി ഇയാളെ വിശദമായി ചോദ്യം ചെയ്യും.ഇയാളിൽ നിന്നും നാൽപ്പത് ഗ്രാം കഞ്ചാവാണ് കണ്ടെത്തിയതെന്നതിനാൽ ജാമ്യം ലഭിക്കുന്ന കുറ്റമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.