ആലപ്പുഴ: ജലഗതാഗതവകുപ്പിന്റെ പുതിയ പദ്ധതിയായ ‘കുട്ടനാട് സഫാരി’ പാക്കേജ് ടൂറിസം സർവീസ് ഒരുമാസത്തിനകം തുടങ്ങിയേക്കും. പദ്ധതിയുടെ അന്തിമ അനുമതികൾക്കായി സ്പോൺസറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ പാതിരാമണൽ ദ്വീപ് സന്ദർശിച്ചു. അടുത്തഘട്ടമായി ടെൻഡർ ചെയ്ത് ആംഫി തിയേറ്റർ നിർമാണം രണ്ടാഴ്ചയ്ക്കകം തുടങ്ങാനാകുമെന്ന് അധികൃതർ സൂചിപ്പിച്ചു.
പുല്ലും മുളയും കൊണ്ടാണിത് പൂർത്തിയാക്കുക. ഓണക്കാലം ലക്ഷ്യമിട്ടു തുടങ്ങാനിരുന്ന പദ്ധതി സാങ്കേതികാനുമതിയിൽ കുരുങ്ങിയാണ് വൈകിയത്. മുഹമ്മ ഗ്രാമപ്പഞ്ചായത്തുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതിയിൽ പാതിരാമണൽ ദ്വീപിൽ സഞ്ചാരികൾക്കായി വിവിധ കലാപരിപാടികളും അരങ്ങേറും. ഇപ്റ്റയുമായി സഹകരിച്ചാണ് കലാപരിപാടികൾ ഒരുക്കുക.
ജലഗതാഗതവകുപ്പിന്റെ പുതിയ ‘സൗര-1’ സൗരോർജ യാത്രബോട്ടാണ് പദ്ധതിക്കായി ഉപയോഗിക്കുക. ദിവസവും രാവിലെ 10-ന് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന സഞ്ചാരം വൈകീട്ട് അഞ്ചോടെ മടങ്ങിയെത്തും. അഴീക്കൽ കനാലിൽ യാത്രക്കാർക്കായി പ്രഭാതഭക്ഷണം ഒരുക്കും. തുടർന്ന് സി ബ്ലോക്കിലെത്തുമ്പോൾ ചുണ്ടൻവള്ളം സഞ്ചാരികൾക്ക് അടുത്തറിയാം.
ആർ ബ്ലോക്കിലേക്കുള്ള യാത്രയിൽ കള്ളുഷാപ്പിലാകും ഉച്ചഭക്ഷണം. തുടർന്നാണ് പാതിരാമണൽ ദ്വീപിൽ പരമ്പരാഗത കലാരൂപങ്ങൾ പ്രദർശിപ്പിക്കുക. ചെറിയ വള്ളങ്ങളിലുള്ള കടകളിൽനിന്നു സഞ്ചാരികൾക്ക് ആവശ്യമായ തനതുവസ്തുക്കൾ വാങ്ങുവാൻ അവസരമുണ്ടാകും. കെഎസ്ആർടിസിയുമായി ബന്ധിപ്പിച്ച് പാക്കേജ് ടൂറിസവും പദ്ധതിയിൽ ലക്ഷ്യമിട്ടിട്ടുണ്ട്.