വേമ്പനാട് കായൽ നീന്തിക്കയറി കുട്ടികൾ. കോട്ടയം വൈക്കത്താണ് നാലുവയസു മുതൽ പത്തു വയസുവരെയുള്ള പത്ത് ഭിന്നശേഷിക്കാരായ കുട്ടികൾ വേമ്പനാട്ട് കായലിലിന് കുറുകെ നീന്തിയത്. സർക്കാരിൻ്റെ ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിശീലനം പൂർത്തിയാക്കിയവരാണ് എല്ലാവരും.
കോട്ടയത്തുകാരി മൂന്നര വയസുള്ള എസ്തർ, കണ്ണൂർ സ്വദേശി നാല് വയസുകാരൻ ഡാനിയൽ തുടങ്ങി ആദ്യം നീന്തി കയറിയ പത്തനംതിട്ട സ്വദേശിയും എട്ടുവയസുകാരിയുമായ ദയമേരി എന്നിങ്ങനെ പത്ത് ഭിന്നശേഷിക്കാരായ കുട്ടികളാണ് നേട്ടം കൈവരിച്ചത്. വേമ്പനാട് കായലിൽ ചേർത്തല അമ്പലക്കടവിൽ നിന്നായിരുന്നു തുടക്കം. ചിലർ സങ്കടപ്പെട്ട് മടിച്ച് നിന്നപ്പോൾ ചിലർ ആവേശത്തോടെ കായലിലേക്ക് ചാടി. ജാഗ്രതയോടെ സുരക്ഷയൊരുക്കി റാപ്പിഡ് ആക്ഷൻ ഫോഴ്സ് ടീമും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു. പരിമിതികളെ മറികടന്ന് വൈക്കം കായലോര ബീച്ചിലേക്കാണ് നീന്തിക്കയറിയത്. എട്ട് വയസുകാരി ദയമേരിയാണ് രണ്ട് മണിക്കൂർ പതിനഞ്ച് മിനിറ്റ് കൊണ്ട് ആദ്യം നീന്തി കയറിയത്.
മോൻസ് ജോസഫ് എം എൽ എയുടെ നേതൃത്വത്തിൽ കുട്ടികളെ ആദരിച്ചു. ജീവൻ രക്ഷ നീന്തൽ അക്കാദമിയുടെ നേതൃത്വത്തിലാണ് കുട്ടികളെ പരിശീലിപ്പിച്ചത്.