തിരുവനന്തപുരം : കുട്ടികൾ കുറഞ്ഞതോടെ ജോലിനഷ്ടമായ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരിൽ പലരും ആത്മഹത്യയുടെ വക്കിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന അധ്യാപക അവാർഡ് വിതരണച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എട്ടും പത്തും വർഷം അധ്യാപകരായിരുന്നവർ ഇപ്പോൾ വീട്ടുജോലിക്കുവരെ പോകുന്നുണ്ട്. ജോലിനഷ്ടമാകുന്ന അധ്യാപകരെ സംരക്ഷിക്കാൻ മാനേജ്‌മെന്റുകൾ പദ്ധതി തയ്യാറാക്കണം. സഹകരിക്കാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
ചില അധ്യാപകർ ചുമതല ഏറ്റെടുക്കുമ്പോൾ സ്കൂൾ പുരോഗമിക്കും. എന്നാൽ, ചിലർ വരുമ്പോൾ സ്കൂളിൽ നാശം തുടങ്ങും. കുട്ടികളെപ്പോലെത്തന്നെ അധ്യാപകർക്കും യൂണിഫോം വേണമോയെന്ന കാര്യം അധ്യാപകസംഘടനകൾ ആലോചിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി.
അധ്യാപക അവാർഡിനുള്ള സമ്മാനത്തുക പതിനായിരത്തിൽനിന്ന് ഇരുപതിനായിരം രൂപയായും എഴുത്തുകാരായ അധ്യാപകരുടെ മികച്ച പുസ്തകങ്ങൾക്ക് നൽകുന്ന ജോസഫ് മുണ്ടശ്ശേരി അവാർഡ് പതിനായിരത്തിൽനിന്ന് ഇരുപത്തയ്യായിരം രൂപയായും ഉയർത്തുമെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ കുട്ടികളെ പ്രീപ്രൈമറിയിൽ പ്രവേശിപ്പിക്കുന്ന സ്കൂളുകൾക്കും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് കൂടുതൽ കുട്ടികളെ പരീക്ഷയെഴുതിക്കുന്ന സ്കൂളുകൾക്കും മുഖ്യമന്ത്രിയുടെപേരിൽ ട്രോഫി നൽകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ കുറവ്: അധ്യാപകർ ആത്മഹത്യയുടെ വക്കിൽ -മന്ത്രി വി. ശിവൻകുട്ടി

Leave a Comment
Leave a Comment