കാമുകിയെ ശല്യംചെയ്തത് പ്രകോപനമായി, യുവാവിനെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേൽപിച്ചു

aussimalayali
1 Min Read

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം കണ്ണൂര്‍ സ്വദേശിയായ യുവാവിനെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. പെണ്‍കുട്ടിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് കേസന്വേഷിക്കുന്ന സൗത്ത് പോലീസ് പറയുന്നത്.

കത്തികൊണ്ടു കുത്തിയ തിരുവനന്തപുരം സ്വദേശി സിബിയുടെ കാമുകിയെ, റിയാസ് ശല്യംചെയ്തതാണ് ആക്രമണത്തിനു കാരണമെന്നാണ് പോലീസിനു സിബി മൊഴിനല്‍കിയത്. റിയാസിന്റെ മൊഴിയെടുക്കാനായിട്ടില്ല.

പെണ്‍കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. റിയാസിന്റെ സുഹൃത്തിന്റെ മൊഴിയിലാണ് പോലീസ് കേസെടുത്തത്. റിയാസിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടി സിബി വിളിച്ചുവരുത്തുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ സിബിയും സുഹൃത്ത് സംഭവസമയത്ത് കൂടെയുണ്ടായിരുന്ന വിഷ്ണുലാലും അറസ്റ്റിലായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. റിയാസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

സാമൂഹികമാധ്യമത്തില്‍ തെറ്റായ പ്രചാരണം

‘പന്ത്രണ്ടു വയസ്സുള്ള പെങ്ങളെ പീഡിപ്പിച്ചവനെ ചേട്ടന്‍ നടുറോഡില്‍ കുത്തി’ -ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം യുവാക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്തു സംബന്ധിച്ച് സാമൂഹികമാധ്യമത്തില്‍ പ്രചരിക്കുന്നതിങ്ങനെയാണ്. യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇരുവര്‍ക്കും അടുപ്പമുള്ള പെണ്‍കുട്ടിയെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് പോലീസ് പറയുമ്പോഴാണ് ഇതു കുത്തിയ യുവാവിന്റെ അനിയത്തിയാണെന്ന തരത്തില്‍ സാമൂഹികമാധ്യമത്തില്‍ പ്രതിക്കു കൈയടി നല്‍കുന്നത്. പെണ്‍കുട്ടി ഇവരുടെ ബന്ധുവല്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Share This Article
Leave a Comment