പരവൂര്‍(കൊല്ലം): പെരുമ്പുഴ യക്ഷിക്കാവ് ദേവീക്ഷേത്രത്തില്‍നിന്ന് 20 പവന്‍ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മേല്‍ശാന്തിയെ പരവൂര്‍ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും പാരിപ്പള്ളി കിഴക്കനേല പുതിയാടത്ത് ഇല്ലത്ത് താമസക്കാരനുമായ ഈശ്വരന്‍ നമ്പൂതിരി(42)യാണ് പിടിയിലായത്.
അഞ്ചുപവന്‍ തൂക്കംവരുന്ന മൂന്ന് കിരീടം, രണ്ടരപ്പവന്റെ രണ്ട് കിരീടം എന്നിവയാണ് ക്ഷേത്രത്തില്‍നിന്ന് കാണാതായത്. 11 മാസംമുന്‍പാണ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി എത്തിയത്. പലതവണയായാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സ്വര്‍ണത്തിനു പകരമായി മുക്കുപണ്ടമാണ് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്നത്.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പാരിപ്പള്ളി, കല്ലമ്പലം, കൊട്ടിയം എന്നിവിടങ്ങളിലെ ജൂവലറികളിലാണ് വില്‍പ്പന നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. 15 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ക്ഷേത്രത്തിനുണ്ടായത്.
പുതിയ ഭരണസമിതി ഒരാഴ്ചമുന്‍പ് ചുമതലയേറ്റതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ക്ഷേത്രത്തിലെ സ്വത്തുവകകളും സ്വര്‍ണവും പരിശോധിച്ചപ്പോഴാണ് ദേവിയുടെ സ്വര്‍ണക്കിരീടങ്ങള്‍ കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് പരവൂര്‍ പോലീസില്‍ പരാതിനല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈശ്വരന്‍ നമ്പൂതിരി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.