വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി ജീവനക്കാരിയും ഭര്‍ത്താവും

aussimalayali
1 Min Read

കൊച്ചി: വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി 20 കോടി രൂപ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. തൃശൂർ വലപ്പാട് സ്വദേശി കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ പിടിയിലായത്. വ്യവസായിയിൽ നിന്ന് പണം വാങ്ങി മടങ്ങവേയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. വ്യവസായിയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ 20 കോടിയുടെ ചെക്കും ഇവരിൽ നിന്ന് കണ്ടെത്തി.

വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. വിദേശത്തടക്കം വ്യവസായമുള്ള കൊച്ചി സ്വദേശിയിൽ നിന്ന് 30 കോടി രൂപയാണ് ദമ്പതികൾ ആവശ്യപ്പെട്ടത്. ആദ്യം 50,000 രൂപ വ്യവസായി നൽകിയെങ്കിലും പറഞ്ഞ തുക അഞ്ച് ദിവസത്തിനുള്ളിൽ നൽകണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടു.

പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നും ദമ്പതികള്‍ ഭീഷണിപ്പെടുത്തി. ഇതോടെ വ്യവസായി സെൻട്രൽ പൊലീസിന് പരാതി നൽകി. ഇന്ന് പണം വാങ്ങാനെത്തിയ ദമ്പതികൾ ചെക്ക് വാങ്ങി പുറത്തിറങ്ങിയതോടെ പൊലീസ് പിടികൂടുകയായിരുന്നു. ദമ്പതികൾ സമാനമായ തട്ടിപ്പുകൾ മുൻപും നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Share This Article
Leave a Comment