ആലപ്പുഴ: പള്ളിപ്പുറത്ത് കണ്ടെത്തിയ ശരീരം അവശിഷ്ടങ്ങൾ ഏറ്റുമാനൂരിൽ നിന്ന് കാണാതായ ജയ്നമ്മയുടേതെന്ന സംശയത്തിൽ

aussimalayali
1 Min Read

ആലപ്പുഴ: പള്ളിപ്പുറത്ത് കണ്ടെത്തിയ ശരീരം അവശിഷ്ടങ്ങൾ ഏറ്റുമാനൂരിൽ നിന്ന് കാണാതായ ജയ്നമ്മയുടേതെന്ന സംശയത്തിൽ പൊലീസ്. കുഴിച്ചെടുത്ത അസ്ഥികൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡിഎൻഎ പരിശോധനയടക്കം വിശദമായ അന്വേഷണത്തിലൂടെ മൃതദേഹം ആരുടേതെന്ന് കണ്ടെത്താനാണ് ശ്രമം. ഇതിൻ്റെ ഭാഗമായി ജയ്നമ്മയുടെ സഹോദരൻ സാവിയോ, സഹോദരി ആൻസി എന്നിവരുടെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കും.

പള്ളിപ്പുറത്ത് ആൾതാമസമില്ലാത്ത വീടിന് സമീപത്ത് നിന്നാണ് ഇന്നലെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഏറ്റവും ഒടുവിൽ ജൈനമ്മയുടെ ഫോൺ ഓണായത് ചേർത്തല പള്ളിപ്പുറത്താണ്. ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. സെബാസ്റ്റ്യൻ എന്ന ആളുടേതാണ് ഈ സ്ഥലം. ഇവിടെ കുഴിച്ച് പരിശോധന നടത്തിയപ്പോഴാണ് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചേർത്തലയിലെ ബിന്ദു പത്മനാഭൻ തിരോധനക്കേസിൽ ആരോപണ വിധേയനാണ് സെബാസ്റ്റ്യൻ.

ഡിസംബർ 23 നാണ് ജയ്നമ്മയെ കാണാതായത്. കോട്ടമുറി കാക്കനാട്ട്കാലായിൽ ഭർത്താവ് അപ്പച്ചനൊപ്പമാണ് ജയ്നമ്മ താമസിച്ചിരുന്നത്. ഇവർ രണ്ട് പേർ മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. ജയ്നമ്മ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളിൽ പോകുന്നതിനാൽ കാണാതായ ആദ്യ ദിവസങ്ങളിൽ ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നില്ല. എന്നാൽ നാല് ദിവസം കഴി‌ഞ്ഞിട്ടും തിരികെ വരാതായതോടെ ഡിസംബർ 28 ന് സഹോദരൻ സാവിയോ മാണി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Share This Article
Leave a Comment