ജയിലിൽനിന്ന് കടന്നുകളഞ്ഞത് നൂറോളം തടവുകാർ

aussimalayali
1 Min Read

തിരുവനന്തപുരം: ജയിലിൽനിന്ന് പരോളിലിറങ്ങിയും ആശുപത്രിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ചുമുങ്ങിയും കടന്നുകളഞ്ഞത് നൂറോളം തടവുകാർ. ശിക്ഷയനുഭവിക്കുന്നതിനിടെ ആശുപത്രിയിലും കോടതിയിലും കൊണ്ടുപോകവേ രക്ഷപ്പെട്ടവരും പരോളിലിറങ്ങി മുങ്ങിയവരും ഉൾപ്പെടെയാണിത്. ജയിലധികൃതരുടെ കണക്കനുസരിച്ച് 2020 മുതൽ തടവിൽനിന്ന് രക്ഷപ്പെട്ട അമ്പതോളംപേരിൽ 14 പേരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല.

പരോളിൽപ്പോയ ജീവപര്യന്തക്കാരും മുങ്ങി

കഴിഞ്ഞവർഷത്ത കണക്കനുസരിച്ച്, പരോളിൽ ഇറങ്ങിയ നൂറിലധികം തടവുകാരിൽ 85 പേർ ഇനിയും മടങ്ങിയെത്താനുണ്ട്. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്നവരടക്കം ഇതിലുണ്ട്. തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്നുമാത്രം മുപ്പതോളം പേർ തിരികെയെത്തിയിട്ടില്ല. വിയ്യൂർ ജയിലിൽനിന്ന് മൂന്നുപേരും പരോളിൽ മുങ്ങി. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് നാലുപേരും നെട്ടുകാൽത്തേരി ൽ, ചീമേനി എന്നീ തുറന്ന ജയിലുകളിൽനിന്നായി 35 പേരും പരോളിലിറങ്ങി തിരിച്ചെത്തിയിട്ടില്ല.

ശേഷി 7828, തടവുകാർ 10,054

വിവിധ ജയിലുകളിൽ തടവുകാരുടെ എണ്ണക്കൂടുതൽ സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന വാദമാണ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജയിലുകളിലുമായി തടവുകാരെ ഉൾക്കൊള്ളാനുള്ള ശേഷി 7828 ആണ്.

എന്നാൽ, ഞായറാഴ്ചത്തെ കണക്കനുസരിച്ച് 10,054 പേരാണ് വിവിധ ജയിലുകളിലുള്ളത്. 727 തടവുകാരെ പാർപ്പിക്കേണ്ട തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിലവിൽ 1585 പേരുണ്ട്. 948 പേരെ പാർപ്പിക്കേണ്ട കണ്ണൂർ ജയിലിൽ 1124 പേരാണുള്ളത്. വിയ്യൂർ സെൻട്രൽ ജയിലിലെ ശേഷി 553 ആയിരിക്കെ 1123 പേരാണ് അവിടെയുള്ളത്.

ശിക്ഷിക്കപ്പെട്ട് ജയിലിലുള്ളത് 4251 തടവുകാരാണ്. എന്നാൽ, റിമാൻഡ് തടവുകാരായി 4605 പേരും വിചാരണത്തടവുകാരായി 1238 പേരും ജയിലുകളിലുണ്ട്.

അനുവദിക്കപ്പെട്ടതിനെക്കാൾ കൂടുതൽ അന്തേവാസികൾ ജയിലുകളിലുണ്ടാകുകയും അതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം കൂട്ടാതിരിക്കുകയും ചെയ്യുന്നത് സുരക്ഷയെ കാര്യമായി ബാധിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Share This Article
Leave a Comment