സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയായ സ്കൂൾ വിദ്യാർഥിനിയിൽ നിന്നും 12 പവൻ സ്വർണം തട്ടിയെടുത്ത യുവാക്കൾ അറസ്റ്റിൽ. തമലം സ്വദേശി സന്ദീപ് (20),ആറാലുംമൂട് സ്വദേശി നിരഞ്ജൻ (20) എന്നിവരാണ് പൂജപ്പുര പൊലീസിന്റെ പിടിയിലായത്.
13കാരിയെ ബൈക്കിൽ കയറ്റി തമ്പാനൂരിലെത്തിച്ച്, അവിടെനിന്ന് എറണാകുളത്തെ അമ്യൂസ്മെന്റ് കാണുന്നതിനായി യാത്ര തിരിക്കുകയുമായിരുന്നു ഈ യുവാക്കൾ. പെൺകുട്ടിയെ പറ്റിച്ചെടുത്ത സ്വർണം വിറ്റ് ബൈക്കും ടിവിയും വാങ്ങിയ കേസിലാണ് യുവാക്കൾ അറസ്റ്റിലായത്.
പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്. രക്ഷിതാക്കളുടെ പരാതിയിൽ എറണാകുളത്തു നിന്നാണ് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തനിക്ക് അമ്യൂസ്‌മെന്റ് പാർക്ക് കാണാനുള്ള ആഗ്രഹം കൊണ്ടാണ് ആരോടും പറയാതെ പോയതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.
എറണാകുളത്തെ അമ്യൂസ്മെന്റ് കാണിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ സ്വർണം കവർന്നത്.