കോളജ് വിദ്യാർഥിനിയുടെ മുഖം മോർഫ് ചെയ്ത് നഗ്നദൃശ്യങ്ങൾ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അയച്ചുകൊടുത്ത് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട മൂന്ന് യുവാക്കൾ അറസ്റ്റിൽ. വ്യാജ ഇൻസ്റ്റഗ്രാമിലൂടെ വിദ്യാർഥിനിക്ക് ചിത്രങ്ങളും വിഡിയോയും അയച്ചുശേഷം 5 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് നിദാൽ (21), മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂൾ പഠനകാലത്ത് പെൺകുട്ടിയുടെ സീനിയർ വിദ്യാർഥിയായിരുന്ന മുഹമ്മദ് തസ്രീഫ് വ്യാജ ഇൻസ്റ്റാഗ്രാം ഉണ്ടാക്കി പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം പേജിൽ സന്ദേശങ്ങൾ അയച്ചും വീഡിയോ ദൃശ്യം അയച്ചും ഭീഷണിപെടുത്തുകയായിരുന്നു. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
പെൺകുട്ടി ഇക്കാര്യം കൊണ്ടോട്ടി പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കേസ് റജിസ്റ്റർ ചെയ്തു.പെൺകുട്ടിയുടെ നീക്കങ്ങൾ നിരീക്ഷിച്ച പൊലീസ് പെൺകുട്ടി തന്റെ ആഭരണങ്ങൾ കൊടുക്കാൻ പോവുകയാണെന്നു മനസിലാക്കി പിന്തുടർന്നു. സ്വർണം കൈക്കലാക്കിയ ഒന്നാം പ്രതിയെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടും പെൺകുട്ടിയുടെ മോർഫ് ചെയ്ത ദൃശ്യങ്ങളും ലഭിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ കൂട്ടു പ്രതികളുടെ പങ്ക് വെളിവാകുകയും തുടർന്ന് അവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.