കേരളത്തിൽ ഇതുവരെ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല

aussimalayali
1 Min Read

കുറവിലങ്ങാട്: ദേവമാതാ കോളേജിലെ ജന്തുശാസ്ത്ര അധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയസംഘം അപൂർവ്വയിനം ചിലന്തിയെ കണ്ടെത്തി. മഞ്ഞ നിറത്തോടുകൂടിയതും ചക്രത്തിന്റെ ആകൃതിയിൽ വലനെയ്യുന്നതുമായ അർജിയോപ്പേ വെർസികളറിന്റെ സാന്നിധ്യമാണ് ഇവർ തിരിച്ചറിഞ്ഞത്. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഈ ചിലന്തിയുടെ സാന്നിധ്യം കണ്ടെത്തുന്നത്. ജന്തുശാസ്ത്രവിദ്യാർഥികൾ തങ്ങളുടെ ബിരുദ പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്.

ക്യാമ്പസിന്റെ പരിചിതമായ ചുറ്റുപരിസരങ്ങൾ പോലും അപൂർവ്വമായ ജീവിവൈവിധ്യങ്ങളുടെ സാന്നിധ്യത്താൽ സമ്പന്നമാണ് എന്ന തിരിച്ചറിവ് പകരുന്നതായി ഈ അതുല്യനേട്ടം. അസോസിയേറ്റ് പ്രൊഫസർ ഡോ. സുനിൽ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടം കൈവരിച്ചത്. ഇന്‍റർനാഷണൽ അരക്കനോളജി സൊസൈറ്റി മെമ്പറായ ഡോ. സുനിൽ ജോസ് നിരവധി അന്താരാഷ്ട്ര സെമിനാറുകളിൽ ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ച് ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്.

ഡോ. പ്രിയ ജോസ്, ഡോ. അരുണിമ സെബാസ്റ്റ്യൻ, ജസ്റ്റിൻ ജോസ് എന്നീ അധ്യാപകരും അമൃതനിധി എസ്, എലിസബത്ത് ജോസ്, ദേവയാനി ബാബു, കാവ്യാരാജ്, ഐശ്വര്യ രാജ്, അഞ്ജലി എം, മരിയത്ത് എം എന്നീ വിദ്യാർത്ഥികളും അടങ്ങിയ സംഘമാണ് ഈ അതുല്യനേട്ടം കൈവരിച്ചത്. ഗവേഷകസംഘത്തെ കോളെജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ തോമസ് മേനാച്ചേരി, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ ഫാ. ജോസഫ് മണിയൻചിറ എന്നിവർ അഭിനന്ദിച്ചു.

Share This Article
Leave a Comment