കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19കാരൻ അറസ്റ്റിൽ. കൊല്ലം പുനലൂർ മഞ്ഞമൺകാലസ്വദേശി ബിനീഷാണ് പിടിയിലായത്. 19 ദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ വളർത്താൻ സഹായം തേടി കൊല്ലം ചൈൽഡ് ലൈനിൽ ഒരു പെൺകുട്ടി എത്തിയതോടെയാണ് പീഡന വിവരം പുറത്തായത്.
കഴിഞ്ഞ മാസമാണ് ഈ പെൺകുട്ടി പ്രസവിച്ചത്. കുഞ്ഞിന് 18 ദിവസം കഴിഞ്ഞതോടെയാണ്, പെൺകുട്ടി സഹായിക്കണം എന്നാവശ്യപ്പെട്ട് ചൈൽഡ് ലൈൻ അധികൃതരെ സമീപിച്ചത്. അവർ കൊല്ലം ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. പൊലീസിന്റെ അന്വേഷണത്തിലാണ് പീഡനത്തിനിരയായാണ് പെൺകുട്ടി ഗർഭം ധരിച്ചതെന്ന് വ്യക്തമായത്.
കോഴഞ്ചേരിയിലെ ഒരു ആശുപത്രിയിൽ വെച്ച് കഴിഞ്ഞ മാസം 11-ാം തീയതിയാണ് പെൺകുട്ടി പ്രസവിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ ബോധ്യമായി. പ്രസവവുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ആശുപത്രി അധികൃതർ ആറന്മുള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആറന്മുള പൊലീസ് കേസെടുത്ത ശേഷം പുനലൂർ പൊലീസിലേക്ക് റഫർ ചെയ്തു. ഈ പോക്സോ കേസിൽ പുനലൂർ പൊലീസ് ജൂൺ 26ന് ബിനീഷിനെതിരെ കേസെടുത്തിരുന്നു. പ്രതി ഇപ്പോൾ റിമാൻഡിലാണ്.