ശബരിമല പീഠം, സ്വർണ്ണപ്പാളികൾ: പൂജയുടെ പേരിൽ ഭക്തരിൽനിന്ന് പണം തട്ടിയതായി ഉണ്ണികൃഷ്ണനെതിരെ ആരോപണം

aussimalayali
2 Min Read

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ പീഠങ്ങളും സ്വര്‍ണപാളികളും മറയാക്കി ഉണ്ണികൃഷ്ണന്‍ പോറ്റി സാമ്പത്തികനേട്ടം ഉണ്ടാക്കിയതായി സംശയം. ജീവനക്കാരന്റെ വീട്ടില്‍ സൂക്ഷിച്ച പീഠത്തില്‍ പൂജ നടത്തുകയും അയ്യപ്പഭക്തരില്‍ നിന്ന് ഈ പൂജയുടെ മറവില്‍ പണം പിരിച്ചതായും വിജിലന്‍സിന് സൂചന ലഭിച്ചു.

പീഠം കാണാനില്ലെന്ന് പരാതി നല്‍കിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്നാണ് വിജിലന്‍സ് അവ കണ്ടെടുത്തത്. ഇക്കഴിഞ്ഞ 25-ാം തീയതിയാണ് പീഠം ഉണ്ണികൃഷ്ണന്‍ വീട്ടില്‍ കൊണ്ടുവെച്ചത് എന്നാണ് സഹോദിയുടെ മൊഴി. അങ്ങനെയെങ്കില്‍ ഇത്രയുംദിവസം ഈ പാഠം എവിടെയായിരുന്നു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതായുണ്ട്.

ശബരിമലയില്‍നിന്ന് പീഠം തിരികെ കൊണ്ടുവന്ന ശേഷം ഉണ്ണികൃഷ്ണന്റെ ജീവനക്കാരന്റെ കോട്ടയത്തെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. വിവാദം ഉണ്ടാകുന്നതുവരെയും പീഠം അവിടെയാണ് സൂക്ഷിച്ചിരുന്നത് എന്നാണ് ദേവസ്വം വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. പീഠവുമായി ബന്ധപ്പെട്ട് അവിടെ പ്രത്യേകം പൂജകള്‍ നടന്നിരുന്നതായും സാമ്പത്തിക ഇടപാടുകള്‍ നടന്നതായും വിവരമുണ്ട്.

ഇവിടേക്ക് അയ്യപ്പഭക്തന്മാരെ കൊണ്ടുവരികയും, ശബരിമലയുമായി ബന്ധപ്പെട്ടപൂജയാണെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയിരുന്നു എന്നുമാണ് വിജിലന്‍സിന് ലഭിച്ചിട്ടുള്ള വിവരം. ഉണ്ണികൃഷ്ണന്റെ അറിവോടെയാണ് ഈ തട്ടിപ്പുകള്‍ നടന്നിരുന്നത് എന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.

പീഠവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊങ്ങിവന്നതോടെ താന്‍ പിടിക്കപ്പെടുമോ എന്ന ജീവനക്കാരന്റെ ഭയത്തിലാണ് അയാള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പീഠവും മറ്റ് സാധനങ്ങളും തിരികെ നല്‍കിയത്. ഇത് സുരക്ഷിതമായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉണ്ണികൃഷ്ണന്‍ ഇവ സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്. വിജിലന്‍സിനോടോ ഹൈക്കോടതിയോടോ ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും ഉണ്ണികൃഷ്ണന്‍ പങ്കുവെച്ചിരുന്നില്ല. ഇവ കാണാനില്ലാ എന്ന നിലപാടില്‍തന്നെയാണ് അദ്ദേഹം ഉറച്ചുനിന്നത്.

പീഠവും സ്വര്‍ണപാളിയുമെല്ലാം കൈയിലുണ്ടായിട്ടും എന്തുകൊണ്ടാണ് ഉണ്ണികൃഷ്ണന്‍ അവ കാണാനില്ലാ എന്ന് പരാതി ഉന്നയിച്ചത് എന്നതാണ് വിജിലന്‍സിനെ കുഴയ്ക്കുന്നത്. സ്വര്‍ണപാളി നന്നാക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്ഥാപനത്തിലേക്കായിരുന്നു കൊണ്ടുപോയത്, അദ്ദേഹത്തിന്റെ സ്ഥാപനമായിരുന്നു അവ സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. സ്വര്‍ണപാളികള്‍ക്കൊപ്പം രണ്ട് സ്വര്‍ണപീഠങ്ങളും താന്‍ സമര്‍പ്പിച്ചിരുന്നതായും, പാകമാകാത്തതിനാല്‍ അവ ദേവസ്വം ബോര്‍ഡ് മാറ്റിവെച്ചു എന്നും പിന്നീട് ഇവ കാണാതെ പോയി എന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

മൂന്നുപവനോളം വരുന്ന സ്വര്‍ണം പൂശിയ പീഠം ദേവസ്വം ബോര്‍ഡ് തട്ടിയെടുത്തു എന്ന തരത്തിലുള്ള ആരോപണമാണ് അന്ന് ഉണ്ണികൃഷ്ണന്‍ ഉന്നയിച്ചത്. ഇതോടെയാണ് ഹൈക്കോടതി വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും അന്വേഷണം നടത്താന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെ ചുമതലപ്പെടുത്തുകയും ചെയ്തത്. ദേവസ്വം ബോര്‍ഡ് എസ്പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ശേഖരിച്ച ശാസ്ത്രീയവും ഡിജിറ്റലുമായ തെളിവുകളടക്കമാണ് ഇന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുക.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റുചെയ്യാനുള്ള അനുമതിയടക്കം വിജിലന്‍സ് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും എന്നാണ് വിവരം. കേസ് ദേവസ്വം വിജിലന്‍സ് മാത്രം അന്വേഷിച്ചാല്‍ മതിയോ എന്ന സംശയവും ഇപ്പോള്‍ ഉയരുന്നുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട പല ഉന്നതവ്യക്തിത്വങ്ങളുമായും അടുപ്പമുള്ള വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാവരേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ഒരു ആരോപണം എന്തുകൊണ്ട് ഇയാളില്‍നിന്നും ഉണ്ടായി എന്നും വിജിലന്‍സ് അന്വേഷണം നടത്തും.

അതേസമയം, പീഠങ്ങളും പാളികളും സ്ഥാപിക്കാനായി ശബരിമലയില്‍ പോയതും, പാകമാകാത്തതിനാല്‍ അവ തിരികെ കൊണ്ടുവന്നതും കോട്ടയത്തെ സുഹൃത്താണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം. ഈ വസ്തുക്കള്‍ അയാള്‍ തിരികെ കൊണ്ടുവന്നതിനെക്കുറിച്ചോ നാലുവര്‍ഷത്തോളമായി വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതിനെ കുറിച്ചോ തനിക്ക് അറിവില്ലായിരുന്നു എന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. വിഷയം വിവാദമായതിന് ശേഷമാണ് സുഹൃത്ത് അവ കൈയിലുള്ള കാര്യം തന്നെ അറിയിച്ചതെന്നാണ് ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Share This Article
Leave a Comment