കോഴിക്കോട്: കക്കോടിയില്‍ ഞായറാഴ്ച മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവിനെ ചേവായൂര്‍ പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി പ്രിന്‍സ് ഓഡിറ്റോറിയത്തിനുസമീപം കുറ്റിവയലില്‍ പത്മനാഭന്റെ വീട്ടില്‍ മോഷണംനടത്താന്‍ ശ്രമിച്ച വെസ്റ്റ്ഹില്‍ സ്വദേശി തേവര്‍കണ്ടി അഖില്‍ (32) ആണ് പിടിയിലായത്. സമീപവാസികള്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി വാഹനമുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
സിറ്റി ക്രൈം സ്‌ക്വാഡിന്റെയും ചേവായൂര്‍ പോലീസിന്റെയും നിരന്തരനിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. എലത്തൂര്‍ സ്റ്റേഷന്‍ പരിധിയിലെ മോരിക്കരയില്‍നിന്ന് മോഷ്ടിച്ച സ്‌കൂട്ടറുമായി രക്ഷപ്പെടുന്നതിനിടെ അഖിലിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
പറമ്പില്‍ബസാറിലെ അടച്ചിട്ടവീട്ടില്‍നിന്ന് ഇരുപത്തിരണ്ട് പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചതടക്കം ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായ അഖിലെന്ന് മെഡിക്കല്‍ കോളേജ് എസിപി എ. ഉമേഷ്, സിറ്റി പോലീസ് ഡിസിപി അരുണ്‍ കെ. പവിത്രന്‍ എന്നിവര്‍ പറഞ്ഞു. പറമ്പില്‍ബസാറിലെ വീട്ടില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നുനടത്തിയ അന്വേഷണമാണ് അഖിലിന്റെ അറസ്റ്റിലെത്തിച്ചത്.
കക്കോടിയില്‍നടന്ന പതിനഞ്ചോളം മോഷണക്കേസുകളാണ് ഇതോടെ തെളിഞ്ഞത്. നിലവില്‍ കക്കോടി ചെറുകുളത്തെ സ്വകാര്യബാങ്കിനുസമീപം ഒറ്റത്തെങ്ങ് പ്രദേശത്താണ് പ്രതി വാടകയ്ക്കുതാമസിക്കുന്നത്.
മോഷണപഠനം യുറ്റിയൂബില്‍നിന്ന്
സാമ്പത്തികബാധ്യതകള്‍ കൂടിയപ്പോള്‍ പ്രതി കണ്ടെത്തിയ മാര്‍ഗമാണ് മോഷണം. അതിന് തുണയായത് യുട്യൂബ് വീഡിയോകള്‍.
ചെരിപ്പുധരിക്കാതെയും കുനിഞ്ഞുമാത്രം നടന്നും മോഷണത്തിനെത്തുന്ന രീതി സാമൂഹികമാധ്യമത്തില്‍നിന്ന് ലഭിച്ച ‘മോഷണഅറിവുകളാണെ’ന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ, ജിനേഷ് ചൂലൂര്‍, രാകേഷ് ചൈതന്യം, ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ നിമിന്‍ കെ. ദിവാകരന്‍, മിജോ, ഏലിയാസ്, സിപിഒമാരായ പ്രസാദ്, വിജിനേഷ്, രാജേഷ്, ദീപക്, സന്ദീപ്, സിറ്റി സൈബര്‍സെല്‍ അംഗം എസ്. കൈലേഷ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
