ദാദാ സാഹേബ് ഫാൽക്കേയെ അറിയില്ല, മോഹൻലാലിനെ അറിയാം’; ‘ഫാൽക്കേയ്ക്ക് ഒരു ‘മോഹൻലാൽ അവാർഡ്’ കൊടുക്കണം…’; പ്രതികരിച്ച് രാം ഗോപാൽ വർമ്മ

aussimalayali
1 Min Read

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരത്തിനർഹനായ മോഹൻലാലിനെ അഭിനന്ദിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു രാം ഗോപാൽ വർമ്മ മോഹൻലാലിന്റെ നേട്ടത്തെ അഭിനന്ദിച്ചത്. തനിക്ക് ദാദാ സാഹേബ് ഫാൽക്കെയെ അറിയില്ലെന്നും അദ്ദേഹം ചെയ്ത സിനിമ കണ്ട ആരെയും തനിക്ക് കണ്ടുമുട്ടാൻ കഴിഞ്ഞിട്ടില്ലെന്നും പക്ഷെ മോഹൻലാലിനെ താൻ കണ്ടിട്ടും അറിഞ്ഞിട്ടുമുണ്ടെന്നാണ് തമാശ രൂപേണ രാം ഗോപാൽ വർമ്മ കുറിച്ചത്. അതുകൊണ്ട് തന്നെ ദാദാ സാഹേബ് ഫാൽക്കെയ്ക്ക് ഒരു മോഹൻലാൽ അവാർഡ് കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എനിക്ക് ദാദാ സാഹേബ് ഫാല്‍ക്കേയെ കുറിച്ച് കാര്യമായി അറിയില്ല. അദ്ദേഹമാണ് ആദ്യമായി സിനിമ എടുത്തതെന്ന് അറിയാം. പക്ഷെ ആ സിനിമ ഞാൻ കണ്ടിട്ടില്ല. ആ സിനിമ കണ്ട ആരെയും എനിക്ക് കണ്ടുമുട്ടാനുമായില്ല. പക്ഷെ, മോഹന്‍ലാലിനെ ഞാന്‍ കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ട്. അതുവെച്ച് നോക്കുമ്പോള്‍ ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് ഒരു ‘മോഹന്‍ലാല്‍ അവാര്‍ഡ്’ കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്.” രാം ഗോപാൽ വർമ്മ കുറിച്ചു.

അതേസമയം സിനിമ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാര സ്വന്തമാക്കുന്ന ആദ്യ മലയാള നടനാണ് മോഹൻലാൽ. നേരത്തെ സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണനും പുരസ്കാരം സ്വന്തമാക്കിയിരുന്നു.

Share This Article
Leave a Comment